ad
Deshabhimani

കരയടുക്കുന്നു പെരുമ്പളത്തും നെടുമ്പ്രക്കാടും

അതിവേഗം മാക്കേക്കടവ്‌–നേരേകടവ്‌

Construction of the Makekkadavu-Nerekadavu bridge is progressing rapidly with the obstacles removed.

തടസങ്ങൾ നീങ്ങിയതോടെ നിർമാണം അതിവേഗം പുരോഗമിക്കുന്ന മാക്കേക്കടവ്‌–-നേരേകടവ്‌ പാലം

avatar
ടി പി സുന്ദരേശൻ

Published on Jan 12, 2025, 02:27 AM | 2 min read

ചേർത്തല
ജില്ലയുടെ അടിസ്ഥാനസൗകര്യ വികസനമുന്നേറ്റത്തിൽ നാഴികക്കല്ലാകാൻ മൂന്ന്‌ പാലം പൂർത്തീകരണത്തിലേക്ക്‌. വേമ്പനാട്‌ കായലിന്‌ കുറുകെ നൂറുകോടിയുടെ പെരുമ്പളം പാലം മാർച്ചിൽ പൂർത്തീകരിച്ച്‌ ഗതാഗതത്തിന്‌ തുറക്കാനാകും. കായലിന്‌ കുറുകെയുള്ള മാക്കേകടവ്‌–-നേരേകടവ്‌ പാലംപണി നിയമക്കുരുക്കും സാങ്കേതികതടസങ്ങളും നീങ്ങിയതോടെ പുതുവേഗത്തിലായി. ചേർത്തല നഗരത്തെയും ചേന്നംപള്ളിപ്പുറം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന നെടുമ്പ്രക്കാട്‌–-വിളക്കുമരം പാലം ഒരുമാസത്തിനകം പൂർത്തിയാകും. പിണറായിസർക്കാരിന്റെ ഇച്ഛാശക്തിയുടെ കരുത്തിലാണ്‌ 213 കോടിയോളം രൂപ ചെലവിൽ മൂന്ന്‌ പാലവും യാഥാർഥ്യമാകുന്നത്‌. പെരുമ്പളം പാലം വേമ്പനാട്‌ കായലിനാൽ ചുറ്റപ്പെട്ട പെരുമ്പളം പഞ്ചായത്തിനെ പടിഞ്ഞാറേക്കരയുമായി ബന്ധിപ്പിക്കുന്നതാണ്‌ കിഫ്‌ബി അനുവദിച്ച 100 കോടിയോളം രൂപ ചെലവഴിച്ച്‌ പൂർത്തീകരണത്തിനടുത്ത്‌ എത്തിയ പാലം. 1.16 കിലോമീറ്റർ നീളത്തിലാണ്‌ പാലം. അപ്രോച്ച്‌റോഡ്‌ ഉൾപ്പെടെ നീളം 1.75 കിലോമീറ്റർ. 11 മീറ്ററാണ്‌ വീതി. ദേശീയ ജലപാത കടന്നുപോകുന്നയിടത്ത്‌ 12 മീറ്റർ വീതിയിലാണ്‌ പാലം. കായലിനുകുറുകെ പാലത്തിന്റെ കൈവരി നിർമാണം ഉൾപ്പെടെ മുഴുവൻ പണിയും ഇതിനകം പൂർത്തിയായി. പടിഞ്ഞാറെക്കരയിൽ വടുതലഭാഗത്ത്‌ അപ്രോച്ച്‌റോഡ്‌ നിർമാണത്തിന്റെ പ്രധാനജോലിയും പൂർത്തിയായി. ഇവിടെ മണ്ണ്‌ നിറയ്‌ക്കലും ടാറിങ്ങും മാത്രമാണ്‌ ശേഷിക്കുന്നത്‌. പെരുമ്പളം ഭാഗത്ത്‌ റോഡ്‌ നിർമാണം ദിവസങ്ങൾക്കകം തുടങ്ങുമെന്ന്‌ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ സൊസൈറ്റി അധികൃതർ പറഞ്ഞു. പാലത്തിലെ പെയിന്റിങ്‌ ജോലി ഉടൻ നടത്തും. വൈദ്യുതീകരണം പൊതുമരാമത്ത്‌ ഇലക്‌ട്രിക്കൽ വിഭാഗമാകും നടത്തുക. മാർച്ച്‌ ഒടുവിൽ പാലം നാടിന്‌ സമർപ്പിക്കാനാകും. നാടിന്റെ സ്വപ്‌നപദ്ധതി ആവിഷ്‌കരിച്ചതും വെല്ലുവിളികൾ മറികടന്ന്‌ പൂർത്തീകരിക്കുന്നതും പിണറായിസർക്കാരാണെന്ന സവിശേഷത ഈ പാലത്തിനുണ്ട്‌. പെരുമ്പളവുമായി ബന്ധപ്പെട്ട യാത്രാസൗകര്യത്തിൽ കുതിപ്പാകും പാലം തുറക്കുന്നതോടെ ഉണ്ടാകുക. പ്രകൃതിരമണീയമായ പെരുമ്പളം പഞ്ചായത്തിൽ അമ്പരപ്പിക്കുന്ന ടൂറിസം വികസനത്തിനാകും പാലം യാഥാർഥ്യമാകുന്നതോടെ വഴിതുറക്കുക. ഇതിനകം ടൂറിസം വ്യവസായസംരംഭകർ ഇവിടേക്ക്‌ എത്തിത്തുടങ്ങി. മാക്കേക്കടവ്‌–-
നേരേകടവ്‌ പാലം വേമ്പനാട്‌ കായലിനുകുറുകെ 800 മീറ്റർ നീളത്തിലാണ്‌ ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി പഞ്ചായത്തിനെയും കോട്ടയം ജില്ലയിലെ ഉദയനാപുരം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലം. 7.5 മീറ്റർ വീതിയിലാണ്‌ സഞ്ചാരപാത. തുറവൂർ–-പമ്പ പാതയിലെ രണ്ടാമത്തെ പാലമാണിത്‌. പതിറ്റാണ്ട്‌ മുമ്പ്‌ നിർമാണം തുടങ്ങിയതാണെങ്കിലും അപ്രോച്ച്‌ റോഡിന്‌ ഭൂമി ഏറ്റെടുക്കൽ നിയമക്കുരുക്കിലായതോടെ ദീർഘനാൾ പണിമുടങ്ങി. ഇതോടെ കരാറുകാർ നിരക്ക്‌ പുതുക്കണമെന്ന ന്യായമായ ആവശ്യം ഉന്നയിച്ചു. സർക്കാർ നടപടിക്രമങ്ങൾ പൂർത്തീകരിച്ച്‌ 2024 മാർച്ച്‌ ഒന്നിന്‌ നിരക്ക്‌ പുതുക്കി ഉത്തരവിറക്കി. 93.36 കോടിയുടേതാണ്‌ പുതുക്കിയ കരാർ. അതനുസരിച്ച്‌ നിർമാണപ്രവർത്തനം പുനരാരംഭിച്ച്‌ അതിവേഗം പുരോഗമിക്കുന്നു. മാക്കേകടവ്‌ ഭാഗത്ത്‌ 100 മീറ്റർ നീളത്തിൽ സ്ലാബ്‌ വാർക്കൽ കഴിഞ്ഞു. രണ്ട്‌ സ്‌പാനിന്‌ ആവശ്യമായ എട്ട്‌ ഗർഡറിന്റെ നിർമാണം കരയിൽ പൂർത്തിയായി. ഇവ കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ച്‌ ഉടൻ പിയർക്യാപ്പുകളിൽ സ്ഥാപിക്കും. 2025 സെപ്‌തംബർ നാലിന്‌ നിർമാണം പൂർത്തീകരിക്കണമെന്ന കരാർവ്യവസ്ഥ പാലിക്കാൻ ലക്ഷ്യമിട്ടാണ്‌ നിർമാണപ്രവർത്തനം. നെടുമ്പ്രക്കാട്‌ – -
വിളക്കുമരം പാലം ചേർത്തല താലൂക്കിന്റെ വടക്കുകിഴക്കൻ മേഖലയിലേക്കുള്ള ഗതാഗത്തിൽ സുപ്രധാനപങ്ക്‌ വഹിക്കുന്ന പാലമാണിത്‌. പതിറ്റാണ്ടുകൾക്ക്‌ മുമ്പ്‌ തുടങ്ങിയ പദ്ധതിയാണിത്‌. സാങ്കേതികതടസങ്ങളും അപ്രോച്ച്‌റോഡിന്‌ ഭൂമി ഏറ്റെടുക്കാതിരുന്നതും പ്രതിസന്ധിയായി. പിണറായി സർക്കാരാണ്‌ പ്രത്യേക താൽപ്പര്യമെടുത്ത്‌ നിർമാണം വേഗത്തിലാക്കിയത്‌. കിഫ്‌ബിയുടെ 20.37 കോടി രൂപയുടേതാണ്‌ പദ്ധതി. പാലം നിർമിക്കുകയും പെയിന്റിങ്, കൈവരി നിർമാണം എന്നിവ പൂർത്തീകരിക്കുകയുംചെയ്‌തു. ഭൂമിയേറ്റെടുത്ത്‌ അപ്രോച്ച്‌റോഡ്‌ നിർമാണം പുരോഗമിക്കുകയാണ്‌. പള്ളിപ്പുറം വിളക്കുമരം ഭാഗത്ത്‌ അപ്രോച്ച്‌റോഡ്‌ നിർമാണം 90 ശതമാനമായി. നഗരത്തിലെ നെടുമ്പ്രാട്‌ 70 ശതമാനവുമായി. ചെങ്ങണ്ട കായലിന്‌ കുറുകെ 245 മീറ്റർ നീളത്തിലാണ്‌ പാലം പൂർത്തിയായത്‌. 11 മീറ്ററാണ്‌ വീതി. ചേർത്തല–-അരൂർ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലവും ജനതയുടെ സ്വപ്‌നപദ്ധതിയാണ്‌. പാലം തുറക്കുന്നതോടെ ചേർത്തല–-അരൂക്കുറ്റി റോഡിന്‌ സമാന്തരമായി എംഎൽഎ റോഡിലൂടെ യാത്രാസൗകര്യം ഒരുങ്ങും. വികസനമെത്താത്ത പ്രദേശങ്ങളുടെ സമഗ്രപുരോഗതിക്കും വഴിയൊരുങ്ങും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home