ad
Deshabhimani

ഏവൂർ ദേശബന്ധു ഗ്രന്ഥശാല നൂറിന്റെ നിറവിൽ

library

ഏവൂർ ദേശബന്ധു ഗ്രന്ഥശാല

വെബ് ഡെസ്ക്

Published on Jan 06, 2026, 12:13 AM | 1 min read

ജി അനിൽ

കാർത്തികപ്പള്ളി

ഏവൂരിന്റെ ചരിത്രത്തിനും സർഗശേഷിക്കും സാക്ഷിയായ ദേശബന്ധു ഗ്രന്ഥശാല ശതാബ-്‌ദിയുടെ തിളക്കത്തിൽ. മലയാള സാഹിത്യത്തിലെ മഹനീയ വ്യക്‌തിത്വങ്ങളുടെ അനേകം കഥകൾ പറയാനുള്ള ഇ‍ൗ ഗ്രന്ഥശാല സ്വാതന്ത്ര്യസമരസേനാനിയും ബംഗാൾ നിയമസഭാ സാമാജികനും കവിയുമായിരുന്ന ദേശബന്ധു ചിത്തരഞ്‌ജൻദാസിന്റെ സ-്‌മരണാർഥം അദ്ദേഹം അന്തരിച്ച 1925ലാണ്‌ സ്ഥാപിതമായത്‌. ഇടയാറ്റൂർ വടക്കതിൽവീടിന്റെ വരാന്തയിൽ തുടക്കം കുറിച്ച ഗ്രന്ഥശാല പിന്നീട് സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറ്റി. ഇരുനിലയുള്ള കെട്ടിടമാണ് ഇപ്പോഴുള്ളത്. എസ്എൻഡിപി യോഗം നേതാവായിരുന്ന കെ എം കേശവൻ (പ്രസിഡന്റ്), എൻ പരമേശ്വരൻനായർ (സെക്രട്ടറി) എന്നിവരായിരുന്നു സ്ഥാപകഭാരവാഹികൾ. തിരുക്കൊച്ചി ഗ്രന്ഥശാലാ സംഘത്തിന്റെ രൂപീകരണാർഥം ആദ്യയോഗം ചേര്‍ന്നത് ദേശബന്ധുവിലാണ്. ഗ്രന്ഥശാലാ സംഘത്തിന്റെ ആദ്യ വൈസ്‌പ്രസിഡന്റായി കെ എം കേശവനെ തെരഞ്ഞെടുത്തതും ചരിത്രം. ​ദേശബന്ധു ഗ്രന്ഥശാലയിലെ സന്ദര്‍ശക ഡയറി നോക്കിയാൽ മലയാള സാഹിത്യത്തിന്റെ പ്രതിഭകളുടെ കൈപ്പടകൾ ഏറെ കാണാം. കുമാരനാശാനും ഉള്ളൂരും വള്ളത്തോളും ചങ്ങമ്പുഴയും സന്ദര്‍ശകരായെത്തി ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നല്ലവാക്കുകൾ സന്ദര്‍ശകപുസ-്തകത്തിൽ കുറിച്ചിട്ടു. വായനശാലയുടെ വാർഷിക സാഹിത്യ സമ്മേളനങ്ങളിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഈ മഹാന്മാരൊക്കെ സന്ദര്‍ശക ഡയറിയിൽ കുറിച്ചത്. ടി കെ മാധവൻ, മന്നത്ത് പത്മനാഭൻ, പട്ടം താണുപിള്ള, പറവൂർ ടി കെ നാരായണപിള്ള, പള്ളത്തുരാമൻ, പനമ്പള്ളി ഗോവിന്ദമേനോൻ, ടി എം വർഗീസ്, ജോസഫ് മുണ്ടശേരി, ജി ശങ്കരക്കുറുപ്പ്, തുടങ്ങിയ മഹായശസ്വികളും ദേശബന്ധുവിലെ വാർഷികാഘോഷ പരിപാടികളിൽ സംബന്ധിച്ചിട്ടുണ്ട്. ​സാഹിത്യവിഭാഗത്തിൽ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, സംസ്‌കൃതം, തമിഴ് എന്നീ ഭാഷകളിൽ 40,000 ൽപ്പരം പുസ-്തകങ്ങൾ, അമൂല്യങ്ങളായ റഫറൻസ് ഗ്രന്ഥങ്ങൾ, നൂറ്റാണ്ടുകളുടെ പഴക്കമുള്ള താളിയോലകൾ എന്നിവ ഈ ഗ്രന്ഥപ്പുരയുടെ മുതൽക്കൂട്ടാണ്. 12,000ത്തിലധികം അംഗങ്ങൾ ചേര്‍ന്ന് ഈ ഗ്രന്ഥശാലയെ മുന്നോട്ട്‌ നയിക്കുന്നു. അഡ്വ. ജി ഷിമുരാജ് (പ്രസിഡന്റ്‌), വി കെ രാജ്മോഹനൻ (സെക്രട്ടറി) എന്നിവരാണ്‌ നിലവിൽ ഭരണസമിതിയെ നയിക്കുന്നത്‌. കേരളത്തിലെ ഏറ്റവും മികച്ച ഗ്രന്ഥശാലയ-്‌ക്കുള്ള 2008ലെ ഇ എം എസ് പുരസ-്‌കാരം ഏവൂർ ദേശബന്ധു ഗ്രന്ഥശാലയെ തേടിയെത്തി. ശതാബ-്‌ദി ആഘോഷം എട്ടിന്‌ പകൽ മൂന്നിന്‌ ഗ്രന്ഥശാലാ ഓഡിറ്റോറിയത്തിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home