എഐ പൊലിമയിൽ പ്രചാരണം


സ്വന്തം ലേഖകൻ
Published on Dec 05, 2025, 12:43 AM | 1 min read
ആലപ്പുഴ
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു പ്രചാരണം അവസാനഘട്ടത്തിലേക്കു കടക്കുമ്പോൾ, എഐ (നിർമിത ബുദ്ധി) സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്രചാരണം ശക്തമാക്കി സ്ഥാനാർഥികൾ. പ്രാദേശിക വിഷയങ്ങളെ ആഴത്തിൽ സ്പർശിച്ച്‌സ്ഥാനാർഥികളെ എടുത്തു കാണിക്കുന്നതിനൊപ്പം, നാടിന്റെ മനോഹര ദൃശ്യങ്ങൾ കോർത്തിണക്കിയുമുള്ള വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ചായക്കടകൾ, നാട്ടിൻപുറങ്ങളിലെ കൂട്ടായ്മകൾ, ഗ്രാമീണ കാഴ്ചകൾ എന്നിവ പശ്ചാത്തലമാക്കിയുള്ള 30 സെക്കന്‍ഡ് മുതല്‍ ഒരുമിനിറ്റുവരെ ദൈര്‍ഘ്യമുള്ള വീഡിയോകളാണധികവും. വീഡിയോകള്‍ മാത്രമല്ല, എഐ നിര്‍മിത ഫോട്ടോകളും പോസ്റ്ററുകളും സമൂഹമാധ്യമങ്ങളില്‍ ഹിറ്റാണ്. ഇവയെല്ലാം സ്റ്റോറിയായും സ്റ്റാറ്റസായും വോളുകളില്‍നിന്ന് ഇന്‍ബോക്സിലേക്ക് അതിവേഗം പങ്കുവയ്ക്കപ്പെടുകയാണ്.
മുദ്രാവാക്യങ്ങൾ, സ്ഥാനാർഥിയുടെ പേര്, ചിഹ്നം, ജനങ്ങളുടെ പ്രധാന ആവശ്യങ്ങൾ, പരാതികൾ, മുൻ ഭരണസമിതിയുടെ പ്രകടനം എന്നിവ നൊടിയിടകൊണ്ട് മിന്നിമായുന്ന ഈ വീഡിയോകൾ അവസാന നിമിഷത്തെ പ്രചാരണത്തിന് സ്ഥാനാർഥികൾ വലിയ തോതിൽ ഉപയോഗിക്കുന്നുണ്ട്.
പ്രഫഷണൽ ഏജൻസികളെ ഇത്തരം പ്രചാരണ വിഡിയോകൾക്കായി സമീപിക്കുമ്പോൾ 5000 മുതൽ 25,000 വരെയാണു ചെലവ്. എന്നാൽ എഐ സാങ്കേതികവിദ്യയിൽ വൈദഗ്ധ്യമുള്ള വിദ്യാർഥികളെ കണ്ടെത്തി ഇവരെ ആശ്രയിക്കുകയാണ് നാട്ടിൻപുറങ്ങളിലെ സ്ഥാനാർഥികൾ. ഐടി മേഖലയിൽ പ്രവർത്തിക്കുന്നവരെയും കോളജ് വിദ്യാർഥികളെയും എല്ലാം സ്വാധീനിച്ചും പാർടികളും വീഡിയോകൾ നിർമിക്കുന്നുണ്ട്. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ തെരഞ്ഞെടുപ്പ് പ്രചാരണം വിദ്യാർഥികൾക്ക് ഒരു ‘ചാകര'യായി മാറിയിരിക്കുകയാണ്.
കേരളത്തിൽ 2023ഓടെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യക്ക് വ്യാപക പ്രചാരം ലഭിച്ചത്. ചാറ്റ്‌ബോട്ടുകൾ, ഇമേജ് ജനറേറ്ററുകൾ, ടെക്സ്റ്റ്- ടു -വീഡിയോ ടൂളുകൾ എന്നിവ മലയാളികൾക്ക് സുപരിചിതമായി മാറി. ഈ പശ്ചാത്തലത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ എഐയുടെ സ്വാധീനം ആദ്യമായി ശക്തമാകുന്നത്.
എന്നാൽ, പ്രചാരണത്തിന് വേഗവും കൃത്യതയും നൽകുന്നുണ്ടെങ്കിലും ദുരുപയോഗത്തെക്കുറിച്ച് ആശങ്കകളും നിലനിൽക്കുന്നുണ്ട്. വ്യാജ വാർത്തകൾ, തെറ്റിദ്ധാരണ പരത്തുന്ന ഉള്ളടക്കം, ഡീപ്ഫേക്ക് ഓഡിയോ-–വീഡിയോ ക്ലിപ്പുകൾ എന്നിവ തെരഞ്ഞെടുപ്പിന്റെ സുതാര്യതയ്‌ക്ക് വെല്ലുവിളിയാകും.









0 comments