ആലപ്പുഴ മെഡിക്കൽ കോളേജിൽ ഡിഎസ്എ യന്ത്രം
ചിത്രം വ്യക്തമാകും രോഗനിർണയം സുഗമമാകും

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ-്പെഷ്യാലിറ്റി വിഭാഗത്തിൽ സജ്ജമാക്കിയ ഡിജിറ്റൽ സബ്സ്ട്രാക്ഷൻ ആൻജിയോഗ്രാഫി മെഷീൻ ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്യുന്നു
അമ്പലപ്പുഴ
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റിയിൽ രോഗ നിർണയരംഗത്ത് അനിനൂതനമായ ഡിജിറ്റൽ സബ്സ്ട്രാക്ഷൻ ആൻജിയോഗ്രാഫി (ഡി എസ് എ) യന്ത്രം സ്ഥാപിച്ചു. മന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്തു. രക്തക്കുഴലുകളുടെ ആന്തരിക ഉപരിതലം വ്യക്തതയോടെ കാണുന്നതിനൊപ്പം, ധമനികൾ, സിരകൾ, ഹൃദയ അറകൾ എന്നിവ കാണാനും, ഇതുവഴി നൂതന ചികിത്സ വേഗത്തിൽ ലഭ്യമാക്കുന്നതിനും യന്ത്രം ഏറെ സഹായകരമാണ്. സങ്കീർണമായ കംപ്യൂട്ടറൈസ്ഡ് എക്സ്-റേ മെഷീനുകളിൽ ഉപയോഗിക്കുന്ന ഫ്ലൂറോസ്കോപ്പിക് സാങ്കേതികതയിൽ യന്ത്രം തുടർച്ചയായ ചിത്രങ്ങൾ പകർത്തും. അതുവഴി രക്തക്കുഴലുകൾ വ്യക്തതയോടെ എളുപ്പത്തിൽ കാണാനും, രക്തത്തിലേക്ക് പ്രത്യേക കോൺട്രാസ്റ്റ് മീഡിയം (ഡൈ) കുത്തിവയ്‌ക്കുക വഴി ലഭ്യമാകുന്ന ചിത്രത്തിൽ ധമനികളും സിരകളും തമ്മിലെ അസാധാരണ കണക്ഷനുകൾ, രക്തക്കുഴൽ രോഗങ്ങൾ, ധമനികളുടെയും സിരകളുടെയും ഉള്ളിലെ തടസമോ സങ്കോചമോ മൂലമുണ്ടാകുന്നതോ, തടസപ്പെടുത്തുന്നതോ ആയ വാസ്കുലർ രോഗങ്ങൾ ഉൾപ്പെടെ കണ്ടെത്തും. ഒപ്പംതലച്ചോറിലെ അന്യൂറിസം, (പ്രത്യേകിച്ച് ഇൻട്രാക്രീനിയൽ അന്യൂറിസം)രക്തസ്രാവം വേഗത്തിൽ കണ്ടെത്താനും ഇത് സഹായകരമാണ്.കാൻസർ മുഴകളുടെ രക്തക്കുഴൽ സംവിധാനങ്ങൾ വിലയിരുത്തുക,ആൻജിയോപ്ലാസ്റ്റി (ബലൂണിങ്), വെസൽ സ്റ്റെന്റിങ് എന്നീ ഇന്റർ വെൻഷണൽ നടപടികൾക്കായി വ്യക്തമായ ചിത്രങ്ങളും ഇത് ലഭ്യമാക്കും. കോടികൾ വിലമതിക്കുന്ന ഈ യന്ത്രത്തിൽ രോഗനിർണയത്തിനായി നിരവധി രോഗികളെയാണ് ശ്രീ ചിത്ര മെഡിക്കൽ കോളേജിലേക്കും മറ്റും പറഞ്ഞയച്ചിരുന്നത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും ഈ രോഗനിർണയം സാധ്യമായത് വൻ നേട്ടമാണ്.










0 comments