കായംകുളത്തെ കുടിവെള്ള വിതരണം സുഗമമാക്കും

കായംകുളം
കായംകുളത്തെ കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് യു പ്രതിഭ എംഎൽഎയുടെ നേതൃത്വത്തിൽ പ്രത്യേകയോഗം ചേർന്നു. വാട്ടർ അതോറിറ്റി, ജലജീവൻ മിഷൻ അമൃത്പദ്ധതി ഉദ്യോഗസ്ഥർ പങ്കെടുത്തു. കുടിവെള്ള വിതരണതടസം ഒഴിവാക്കുന്നതിന് കണ്ടിയൂർ കടവിൽ നിന്നും പത്തിയൂർ പ്ലാന്റിലേക്ക് റോവാട്ടർ പമ്പിങ് മെയിൻ സ്ഥാപിക്കുന്നതിന് ബജറ്റിൽ തുക അനുവദിക്കണമെന്ന് സർക്കാരിനോട് അഭ്യർഥിക്കും. വാട്ടർ അതോറിറ്റിയുടെ സെക്ഷൻ ഓഫീസിനു സമീപം നിർമിക്കുന്ന 15 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഉപരിതല സംഭരണിയുടെ നിർമാണം അതിവേഗം പൂർത്തീകരിക്കാനും പദ്ധതി പ്രദേശത്ത് തടസ്സമാകുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിനും, വൈദ്യുതി പോസ്റ്റുകൾ നീക്കിസ്ഥാപിക്കുവാനും ബന്ധപ്പെട്ട വകുപ്പുകളോട് നിർദേശിച്ചു. അമൃത് പദ്ധതിയിൽ 600 എം എം, 700 എംഎം വ്യാസമുള്ള ജലവിതരണ കുഴലുകൾ സ്ഥാപിച്ച് വിതരണ ശൃംഖല സ്ഥാപിക്കുന്ന പ്രവൃത്തികൾ പലതും തടസപ്പെട്ടിരിക്കുകയാണ്. പൈപ്പ് ലൈൻ കടന്നുപോകുന്ന നവീകരിച്ച റോഡുകൾക്ക് കേടുപാടുകൾ ഉണ്ടാകാതെ അലൈൻമെന്റിൽ മാറ്റം വരുത്തി പുതിയ റൂട്ട് തയ്യാറാക്കുന്നതിന് നിർദേശിച്ചു. ഇതിനായി അധികരിക്കുന്ന തുക അനുവദിക്കുന്നതിന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും എംഎൽഎ അറിയിച്ചു. വാട്ടർ അതോറിറ്റിയുടെ പബ്ലിക് ഹെൽത്ത് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ മുഹമ്മദ് റാഷിദ്, റവന്യു ഓഫീസർ പ്രമോദ് എസ് ധരൻ, ടെക്നിക്കൽ അസിസ്റ്റന്റ് ജയപ്രകാശ്, അസി എക്സിക്യൂട്ടീവ് എൻജിനിയർമാരായ കെ വിനോദ് , സജീവ് ഭായി, ജലജീവൻ മിഷൻ അസി. എക്സിക്യൂട്ടീവ് എൻജിനിയർമാരായ വി ഷീജ , വി എൻ വിനീത, പൊതുമരാമത്ത് നിരത്ത് വിഭാഗം അസി എൻജിനിയർ ഷാഹി എന്നിവർ പങ്കെടുത്തു.










0 comments