ad
Deshabhimani

എംഎൽഎ കുടിവെള്ള പദ്ധതി ആരംഭിച്ചു

മെഡി. കോളേജ്‌ ആശുപത്രിയിൽ ഇനി ഇഷ്‌ടംപോലെ കുടിവെള്ളം

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ യുവതിക്കും കുഞ്ഞിനും എംഎൽഎ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ആർഒ പ്ലാന്റിൽനിന്ന് കുടിവെള്ളം നൽകി എച്ച് സലാം എംഎൽഎ പദ്ധതി ഉദ്ഘാടനംചെയ്യുന്നു​
വെബ് ഡെസ്ക്

Published on Dec 25, 2025, 12:46 AM | 1 min read

വണ്ടാനം ​

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇനി കുടിവെള്ളത്തിനായി രോഗികളും കൂട്ടിരിപ്പുകാരും നെട്ടോട്ടമോടേണ്ട. എംഎൽഎ കുടിവെള്ള പദ്ധതിയുടെ ഭാഗമായി എച്ച് സലാം എംഎല്‍എയുടെ പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നാംഘട്ടമായി ആര്‍ഒ പ്ലാന്റ്‌ സ്ഥാപിച്ച് ആശുപത്രിയിലെ വിവിധ വാര്‍ഡുകളില്‍ ശുദ്ധജലം ലഭ്യമാക്കി. ​പദ്ധതി എച്ച് സലാം എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ശുദ്ധീകരിച്ച കുടിവെള്ളം മുഴുവൻ സമയവും ലഭ്യമാക്കാൻ ഒ ആൻഡ്‌ ജി ബ്ലോക്ക്, എംഡി ഐസിയു, ദന്തൽ ഒപി, കുട്ടികളുടെ വാർഡ് എന്നിങ്ങനെ അവശ്യംവേണ്ട നാലിടങ്ങളിലാണ് ടാങ്ക് സ്ഥാപിച്ചത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇത് ഏറെ ആശ്വാസമാകും. മെഡിക്കല്‍ കോളേജ് ആശുപത്രി ആലപ്പുഴയില്‍നിന്ന്‌ വണ്ടാനത്തേക്ക് മാറ്റിയെങ്കിലും വാര്‍ഡുകളിലുള്ളവര്‍ക്ക് കുടിവെള്ളത്തിനുള്ള സംവിധാനം പരിമിതമായിരുന്നു. പുറത്തുള്ള കടകളിലെ കുപ്പിവെള്ളത്തെയാണ് കൂടുതലും ആശ്രയിച്ചിരുന്നത്. ആര്‍ഒ പ്ലാന്റ്‌ പ്രവര്‍ത്തന സജ്ജമായതോടെ കുടിവെള്ളപ്രശ്നത്തിന്‌ ഒരുപരിധിവരെ പരിഹാരമാകും. എംഎൽഎയുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന്‌ വിവിധയിടങ്ങളിൽ ആർഒ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്‌. മണ്ഡലത്തിലെ വിവിധ സ്‌കൂളുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലായി ഇതുവരെ 25 യൂണിറ്റുകളാണ് അനുവദിച്ചത്. ആലപ്പുഴ കടപ്പുറത്തെ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ലജ്നത്ത് ഹയർസെക്കൻഡറി, എൽപി സ്‌കൂളുകളിലും പ്ലാന്റ്‌ പ്രവർത്തനമാരംഭിച്ചിരുന്നു. യൂണിറ്റ് ഒന്നിന് 98,316 രൂപയാണ് ചെലവ്. സിഡ്കോയുടെ മേൽനോട്ടത്തിൽ അക്വ ഹെൽത്തി എന്ന സ്ഥാപനമാണ് പ്ലാന്റുകൾ സ്ഥാപിച്ചത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പല്‍ ഡോ. ബി പത്മകുമാർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ടി ഷാജിമോൻ, ആശുപത്രി സൂപ്രണ്ട് ഡോ. എ ഹരികുമാർ, നഴ്സിങ് സൂപ്രണ്ട് ജി ജലജ, പി ആർ ഒ നെഫീന എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home