കരുത്ത് പകർന്ന് എൽഡിഎഫ്
ഇവിടെയുണ്ട്, ഇൻഫോ വൈബ്


ഫെബിൻ ജോഷി
Published on Apr 05, 2026, 02:34 AM | 1 min read
ആലപ്പുഴ
ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൾ ആപ്പ് ‘വി കൺസോൾ’ തയ്യാറാക്കിയ ടെക്‌ജൻഷ്യ അടക്കമുള്ള വമ്പന്മാരെ ഉൾക്കൊള്ളുന്ന ഇൻഫോ പാർക്കിന്റെ ചേർത്തല കാമ്പസ് പള്ളിപ്പുറത്തിന് പുതിയ വിലാസം സമ്മാനിക്കുകയാണ്. പ്രശാന്ത സുന്ദര അന്തരീക്ഷം. മലിനീകരണത്തിന്റെ ബുദ്ധിമുട്ടുകളും മടുപ്പുമില്ല. 2011–ൽ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ഉദ്‌ഘാടനം ചെയ്തതിന് പിന്നാലെ നിരവധി കമ്പനികൾ പാർക്കിലേക്ക് വന്നെങ്കിലും യുഡിഎഫ് കാലത്ത് പ്രതിസന്ധിയിലായി. 2016–ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ ഗുണകരമാകുന്ന പദ്ധതികൾക്ക് ജീവൻവച്ചു. ചേർത്തല നഗരത്തെയും ചേന്നംപള്ളിപ്പുറം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന നെടുമ്പ്രക്കാട്–വിളക്കുമരം പാലം 2025 നവംബർ ആറിന് നാടിന് സമർപ്പിച്ചു. വയലാർ കായലിന് കുറുകെ രണ്ട് ഭാഗങ്ങളുള്ള പാലങ്ങൾക്കിടയിൽ 60 മീറ്റർ നീളത്തിൽ ബലപ്പെടുത്തിയ ചിറയും റോഡുമുണ്ട്. ആകെ ചെലവ് 22 കോടി രൂപയ്ക്കു മുകളിലാണ്. തൈക്കാട്ടുശേരി പഞ്ചായത്തിലെ മാക്കേകടവിനെ വൈക്കം ഉദയനാപുരം പഞ്ചായത്തിലെ നേരേകടവുമായി ബന്ധിപ്പിക്കുന്ന മാക്കേക്കടവ്–നേരെകടവ് പാലം നിർമാണം അവസാന ഘട്ടത്തിലാണ്. 800 മീറ്റർ നീളത്തിലും 1.23 മീറ്റർ വീതിയിലും 98.09 കോടി രൂപ ചെലവിലാണ് പാലം യാഥാർഥ്യമാക്കുന്നത്. ഇൻഫോപാർക്കിന് പടിഞ്ഞാറ് എൻഎസ്എസ് കോളേജ് കടവും നാഗംകുളങ്ങര കടവും ബന്ധിപ്പിക്കുന്ന പാലം ഉൾപ്പെടെ വയലാർ കടവ് റോഡ് വീതികൂട്ടി നിർമിക്കുന്നതിന് ഭരണാനുമതിയായി. വയലാർ ജങ്‌ഷൻ മുതൽ വയലാർ കടവ് വരെ 10.5 മീറ്റർ വീതിയിലാണു റോഡ് വികസനം. നടപ്പാതയും കാനയും ഉൾപ്പെടെ ബിഎംബിസി നിലവാരത്തിൽ റോഡ് നിർമിക്കും. ചാത്തൻചിറ പാലവും വീതികൂട്ടും. ഇന്ന് 20–ൽ അധികം കമ്പനികളും 250–ൽ അധികം ജീവനക്കാരുമായി കുതിപ്പ് തുടരുന്ന ഇൻഫോപാർക്കിനെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുന്ന പദ്ധതികൾ സർക്കാരിന്റെ ദീർഘ വീക്ഷണത്തിന്റെ തെളിവാണ്. അതിവേഗ ഇന്റർനെറ്റ് സൗകര്യം, തടസ്സമില്ലാതെ വൈദ്യുതി, ഫുട്‌ബോൾ മൈതാനം എന്നിവയടക്കം നിർമാണം തുടങ്ങിയവയൊക്കെ നടപ്പാക്കിയതോടെ പാർക്ക് നഷ്ടപ്രതാപം വീണ്ടെടുത്ത് മുന്നേറുകയാണ്.









0 comments