അവയവമാറ്റത്തിന് ധനസമാഹരണം 14ന്
മകൾ കരൾ നൽകും; അഭിലാഷിനായി നാടൊന്നിക്കുന്നു

ചേർത്തല നഗരസഭ ജീവൻരക്ഷാ സമിതി പ്രവർത്തക കൺവൻഷൻ നഗരസഭാധ്യക്ഷൻ എസ് സോബിൻ ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
കരൾമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാകുന്ന പ്രാദേശിക മാധ്യമപ്രവർത്തകൻ അഭിലാഷ് ചെറുതുരുത്തിലിന്റെ ജീവൻ രക്ഷിക്കാൻ ധനസമാഹരണത്തിന് നാടൊന്നിക്കും. 14ന് നടക്കുന്ന ജനകീയ ധനസമാഹരണത്തിന് മുന്നോടിയായി നഗരസഭ ജീവൻരക്ഷാ സമിതിയുടെയും കൗൺസിലർമാരുടെയും വാർഡ് കൺവീനർമാരുടെയും സ്‌ക്വാഡ് ചുമതലക്കാരുടെയും യോഗം ടൗൺഹാളിൽ ചേർന്നു. അതീവ ഗുരുതരമായ കരൾരോഗം ബാധിച്ച് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന അഭിലാഷിന് മകൾ വൈഗാലക്ഷ്‌മി (19) ആണ് കരൾ പകുത്തുനൽകുന്നത്. അഭിലാഷിന് പുറമെ നഗരത്തിൽ അവയവമാറ്റിവയ്‌ക്കൽ ആവശ്യമാകുന്നവരെ സഹായിക്കാനും ലക്ഷ്യമിട്ടാണ് ധനസമാഹരണം. 1.5 കോടി രൂപ ശേഖരിക്കുകയാണ് ലക്ഷ്യം. ധനസമാഹരണത്തിന് മുന്നോടിയായി ഏഴിന് ഭവനസന്ദർശനവും അഭ്യർഥന വിതരണവും നടക്കും. നഗരസഭാധ്യക്ഷൻ എസ് സോബിൻ യോഗം ഉദ്‌ഘാടനംചെയ്‌തു. ഉപാധ്യക്ഷ എൻ എൽ വത്സലകുമാരി അധ്യക്ഷയായി. കെ സി ആന്റണി, ഡി ജ്യോതിഷ്, കെ പി പ്രതാപൻ, കെ ഉമയാക്ഷൻ, ടി എസ് അജയകുമാർ, കനകമ്മ മധു എന്നിവർ സംസാരിച്ചു. ജീവൻരക്ഷാ സമിതി ജനറൽ കൺവീനർ കെ ടി മധു റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ സെക്രട്ടറി ടി കെ സുജിത് സ്വഗതവും അനൂപ് ചാക്കോ നന്ദിയുംപറഞ്ഞു.










0 comments