ad
Deshabhimani

കരുത്തോടെ മുന്നേറും: സിപിഐ എം

CPI M
വെബ് ഡെസ്ക്

Published on May 23, 2026, 01:33 AM | 2 min read

ആലപ്പുഴ

ജനഹിതം മനസിലാക്കി കൂടുതൽ കരുത്തോടെ എൽഡിഎ-ഫ്‌ തിരിച്ചുവരുമെന്ന്‌ സിപിഐ എം ആലപ്പുഴ ജില്ലാകമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി സംബന്ധിച്ച്‌ ജില്ലാ സെക്രട്ടറിയറ്റും ജില്ലാ കമ്മിറ്റിയും സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ വിശദമായ പരിശോധന നടത്തി. 1957 ലെ ഒന്നാം ഇഎംഎസ് മന്ത്രിസഭാ രൂപീകരണത്തിൽ സംസ്ഥാനത്ത് ഏറ്റവും അധികം എംഎല്‍എ മാരെ സംഭാവന ചെയ്തത്‌ ആലപ്പുഴ ജില്ലയാണ്‌. എന്നാൽ പിൽക്കാലത്ത് എ കെ ആന്റണിയും വി എം സുധീരനും, വക്കം പുരുഷോത്തമനും രമേശ് ചെന്നിത്തലയും എം എം ഹസനും പി സി വിഷ്ണുനാഥും കേരള കോണ്‍ഗ്രസുകാരനായ കെ സി ജോസഫും ജനപ്രതിനിധികളാകുന്ന ജില്ലയായി ആലപ്പുഴ മാറി. പാര്‍ടിയുടെ സമുന്നതനേതാക്കളായ വി എസ്, ഇ ബാലാനന്ദന്‍, സുശീലാ ഗോപാലന്‍ തുടങ്ങിയ ജനനായകര്‍ പോലും പരാജയപ്പെടുന്ന സ്ഥിതിയുമുണ്ടായി. അവിടെനിന്ന്‌ പാഠം പഠിച്ചും ചിട്ടയായ സംഘടനാ പ്രവര്‍ത്തനത്തിലൂടെ മുന്നേറിയുമാണ് തുടര്‍ച്ചയായി ജില്ലയില്‍ ഒന്പത്‌ സീറ്റുകളില്‍ എട്ടിലും വിജയിച്ചത്. 10 വര്‍ഷം സമാനതകളില്ലാത്ത വികസന മുന്നേറ്റത്തിന്‌ കേരളം സാക്ഷ്യം വഹിച്ചു, ജനപക്ഷത്ത്നിന്ന് എല്‍ഡിഎഫ് നടത്തിയ ഭരണ ഇടപെടലുകളായിരുന്നു അവയെല്ലാം. വന്‍കിട ആശുപത്രികള്‍ നടത്തിവരുന്ന നാടനും മറുനാടനുമായ കുത്തകകളും വിദ്യാഭ്യാസ കച്ചവടക്കാരുമെല്ലാം ചേര്‍ന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. മത, സാമുദായിക ധ്രുവീകരണങ്ങളും കള്ളക്കഥകള്‍ മെനഞ്ഞ് ജനങ്ങളുടെ ശ്രദ്ധ വഴിതിരിച്ച മാധ്യമ കൂട്ടായ്മകളും, പണക്കൊഴുപ്പിന്റെ അതിപ്രസരവുമെല്ലാം തിരിച്ചടിക്ക്‌ കാരണമായി. സംഘടനാപരമായ പോരായ്മകളും പരിമിതികളും സസൂക്ഷ്മം വിലയിരുത്തിയിട്ടുണ്ട്. ജില്ലാ കമ്മിറ്റിയിലെ ചര്‍ച്ചകളെന്ന പേരിൽ മാധ്യമങ്ങള്‍ ഭാവനയ്‌ക്കനുസരിച്ചുള്ള വാര്‍ത്തകളാണ് സൃഷ്‌ടിച്ചത്‌. ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നവരെക്കുറിച്ചുപോലും വ്യാജവാർത്തകൾ നൽകി. അരൂര്‍, ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം, കുട്ടനാട് മണ്ഡലങ്ങളിലെ പരാജയം സംബന്ധിച്ച്‌ കൂടുതല്‍ പരിശോധന താഴെതലം വരെ നടത്തും. ആവശ്യമായ തിരുത്തലുകൾ നടത്തി പാർടി മുന്നേറും. യുഡിഎഫ് അനുകൂല തരംഗത്തിലും ചേര്‍ത്തല, മാവേലിക്കര, ചെങ്ങന്നൂര്‍ മണ്ഡലങ്ങളില്‍ മികച്ച വിജയം സമ്മാനിച്ച വോട്ടര്‍മാർക്കും മറ്റിടങ്ങളിൽ എല്‍ഡിഎഫിനെ പിന്തുണച്ചവർക്കും ജില്ലാ കമ്മിറ്റി നന്ദി പറഞ്ഞു. സിപിഐ എം സംസ്ഥാന കൺട്രോൾകമീഷൻ ചെയർമാൻ കെ എച്ച് ബാബുജാന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക്ക്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി ബി ചന്ദ്രബാബു, കെ പ്രസാദ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home