ഓണത്തിരക്കിലേക്ക് നാടും നഗരവും

ആലപ്പുഴ മുല്ലയ്‌ക്കലിൽ ഓണാഘോഷത്തിനുള്ള സാധനങ്ങൾ വാങ്ങാനെത്തിയവരുടെ തിരക്ക്
ആലപ്പുഴ
തിരുവോണത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നാടും നഗരവും തിരക്കിൽ. എവിടെയും ഓണാഘോഷത്തിന്റെ ആരവങ്ങളാണ്. ക്ലബ്ബുകൾ, സംഘടനകൾ, റെസിഡൻസ് അസോസിയേഷനുകൾ ഒക്കെ ഓണം കളറാക്കുന്നു. വ്യാപാരകേന്ദ്രങ്ങളിലും വൻതിരക്കാണ്. റെഡിമെയ്ഡ് പൂക്കളം വിപണിയിലെത്തിയെങ്കിലും പൂക്കൾക്ക് ആവശ്യക്കാർ കുറഞ്ഞിട്ടില്ലെന്നതിന്റെ തെളിവാണ് പൂക്കടകളിലെ നീണ്ട തിരക്ക്. സപ്ലൈകോയിലൂടെയും മാവേലി സ്‌റ്റോറിലൂടെയും വിവിധ ഓണച്ചന്തകളിലൂടെയും പച്ചക്കറി-പലവ്യഞ്‌ജന സാധനങ്ങളുടെ വിലക്കയറ്റം സംസ്ഥാന സർക്കാർ കുറച്ചു. ഓണാഘോഷം പൊലിപ്പിക്കാൻ ഇതരസംസ്ഥാനക്കാരും സജീവമാണ്. വഴിയോരക്കച്ചവടവും തെരുവുകളും സജീവമായി. ഞായറാഴ്‌ചമുതലാണ് നഗരത്തിൽ ഓണംവിപണി സജീവമായത്. കുടുംബാംഗങ്ങൾ കൂട്ടമായി സാധനങ്ങൾ വാങ്ങാനെത്തുന്നു. വസ്‌ത്രശാലകൾ, ചെരിപ്പ്, ഫാൻസി ഷോപ്പുകളിലും സൂപ്പർ മാർക്കറ്റുകളിലും പലവ്യഞ്‌ജന, പച്ചക്കറിക്കടകളിലുമാണ് തിരക്ക് കൂടുതൽ. വിറ്റഴിക്കൽ വിൽപ്പനയും മറ്റ് ഓഫറുകളുമായി വ്യാപാര മേഖല ഉപഭോക്താക്കളെ ആകർഷിക്കുകയാണ്. സ്ഥാപനങ്ങളും സംഘടനകളുമെല്ലാം ഓണം കേമമാക്കാൻ തയ്യാറെടുപ്പിലാണ്. വിഭവസമൃദ്ധമായ സദ്യയുണ്ടാക്കാൻ സ്ഥാപനങ്ങളിൽ സൗകര്യമില്ലെങ്കിൽ കാറ്ററിങ്ങുകാരെയും ഹോട്ടലുകാരെയും ഏൽപ്പിക്കും.
ജില്ലാ കൃഷിത്തോട്ടത്തിൽ
വിളവെടുപ്പുത്സവം
മാവേലിക്കര
തഴക്കര ജില്ലാ കൃഷിത്തോട്ടത്തിൽ ഓണക്കാല വിളവെടുപ്പുത്സവം. കൃഷിത്തോട്ട ഓഫീസിന് മുന്നിൽ തയ്യാറാക്കിയ പന്തലിൽ തിങ്കൾ രാവിലെ 10ന് ഓണവിപണി തുടങ്ങും. ഏത്തക്കുലകളും പച്ചക്കറികളും വിപണികേന്ദ്രത്തിൽ നിറച്ചുതുടങ്ങി. വെള്ളരി, വഴുതന, മത്തൻ, കുമ്പളം, ലോക്കി, പടവലം, പയർ, പാവൽ, ചേന, കപ്പ, ഇഞ്ചി, ചേമ്പ്, കാച്ചിൽ തുടങ്ങി എല്ലാ ഇനങ്ങളും എത്തിയിട്ടുണ്ട്. ബുധനാഴ്‌ചവരെ വിപണി തുടരുമെന്ന് കൃഷിത്തോട്ടം അധികൃതർ അറിയിച്ചു.









0 comments