മുഖ്യമന്ത്രിത്തർക്കം മൂത്തു; പ്രകടനവും പോർവിളിയും

ആലപ്പുഴ
മുഖ്യമന്ത്രിക്കസേരയെച്ചൊല്ലി ജില്ലയിലെ കോൺഗ്രസിന്റെ തമ്മിലടി തുടരുന്നു. വി ഡി സതീശൻ, കെ സി വേണുഗോപാൽ പക്ഷത്തുള്ളവർ പരസ്യപ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്. ഇരുവിഭാഗവും വെള്ളി വൈകിട്ട് ഡിസിസി ഓഫീസ് പരിസരത്തുനിന്ന് പ്രകടനം നടത്താൻ തീരുമാനിച്ചെങ്കിലും അവസാനനിമിഷം പിൻവലിക്കുകയായിരുന്നു. കെ സി വേണുഗോപാൽ അനുകൂലികൾ ഭൂരിപക്ഷമായ ജില്ലയിൽ ശക്തി തെളിയിക്കാനാണ് സതീശൻ അനുകൂലികൾ ശ്രമിക്കുന്നത്. വ്യാഴം വൈകിട്ട് കായംകുളം നഗരത്തിൽ സതീശന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസും കെഎസ്‌യുവും പ്രകടനം നടത്തിയിരുന്നു. വെള്ളിയാഴ്‌ച ഫ്ക്‌സും സ്ഥാപിച്ചു. സമൂഹമാധ്യമങ്ങളിലും ഇരുപക്ഷവും പ്രചാരണം ശക്തമാക്കി. വേണുഗോപാലിന്റെ സമൂഹമാധ്യമ പോസ്‌റ്റിൽ ഉൾപ്പെടെ സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് മറുപക്ഷം സൈബർ ആക്രമണം നടത്തുന്നുണ്ട്. ഇതിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലും രംഗത്തുവന്നു. ‘പിആർ ഏജൻസികളിലൂടെ മുഖമില്ലാത്ത ഗുണ്ടകളെ ഉപയോഗിച്ച് വേണുഗോപാലിനെതിരെ ആസൂത്രിതമായ സൈബർ ആക്രമണം നടത്തുന്നു. ഇതിനെതിരെ പാർട്ടി നേതൃത്വം പ്രതികരിക്കണമെന്നും’ ബിനു ഫേസ്‌ബുക്കിൽ കുറിച്ചു. നേതാക്കളുടെ പരസ്യപ്രതികരണം വിലക്കിയതോടെ ഫ്ലക്‌സുമായിട്ടാണ് പോര് ആരംഭിച്ചത്. ഡിസിസി ഓഫീസിന് മുന്നിൽ ഉൾപ്പെടെ ആലപ്പുഴ നഗരത്തിൽ മാത്രം വേണുഗോപാലിനായി പത്തോളം കൂറ്റൻ ഫ്ലക്‌സുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനെതിരെ സതീശൻ അനുകൂലികൾ സ്ഥാപിച്ച ഫ്ലക്‌സ് ബോർഡുകൾ വേണുഗോപാൽ അനുകൂലികൾ കീറിയെറിഞ്ഞിരുന്നു. രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവർ ഇതുവരെ പരസ്യമായി പ്രതിഷേധത്തിന് രംഗത്തിറങ്ങിയിട്ടില്ല.










0 comments