കേന്ദ്രസംഘം കുമരകത്ത്; സാന്പിളുകൾ ശേഖരിച്ചു

കോട്ടയം
പക്ഷികളിലെ വൈറസ് സാന്നിധ്യം പഠിക്കാനെത്തിയ കേന്ദ്രസംഘം ജില്ലയിൽ പരിശോധന നടത്തി. കുമരകത്ത് പരിശോധന നടത്തിയ സംഘം ദേശാടനപക്ഷികളുടെ 16 സാന്പിളുകൾ ശേഖരിച്ചു. ഭോപാൽ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി അനിമൽ ഡിസീസിലെ പ്രിൻസിപ്പൽ സയന്റിസ്‌റ്റുമാരായ ഡോ. സി ടോഷ്, ഡോ. മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ജില്ലയിൽ എത്തുന്ന ദേശാടന പക്ഷികൾ പക്ഷിപ്പനിക്ക് കാരണമാകുന്നുണ്ടോ എന്നും പുതിയ വൈറസ് സാന്നിധ്യമുണ്ടോയെന്നും പരിശോധിക്കാനാണ് സംഘം എത്തിയത്. ദേശാടനപക്ഷികൾ കൂടുകൂട്ടുന്ന സ്ഥലങ്ങളിൽ വള്ളങ്ങളിൽ പോയാണ് സംഘം സാന്പിളുകൾ ശേഖരിച്ചത്. ശേഖരിച്ച സാന്പിളുകൾ ഭോപ്പാലിലെ നാഷണൽ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചു. കോട്ടയം നഗരസഭാ പരിധിയിലെ 36–ാം വാർഡിലും സംഘം പരിശോധന നടത്തി. തിരുവല്ല പക്ഷി രോഗ നിർണയ കേന്ദ്രം -ഏവിയൻ ഡിസീസസ് ഡയഗ്നോസ്റ്റിക് ലാബ് ഡെപ്യൂട്ടി ഡയറക്ടർ ദീപു ഫിലിപ്പ് മാത്യു, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. ആർ രാഹുൽ ആർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഏറെ മാരകമായതും വേഗത്തിൽ പടരുന്നതും മരണനിരക്ക് ഉയർന്നതുമായ എച്ച്5എൻ1 വകഭേദത്തിൽപ്പെട്ട വൈറസുകൾ ആലപ്പുഴ ജില്ലയിൽ കണ്ടെത്തിയിരുന്നു. ഇതിൽനിന്ന് വ്യത്യസ്ഥമായതും വകഭേദം വന്നതുമായ വൈറസ് സാന്നിധ്യം ഉണ്ടോയെന്ന് കണ്ടെത്താനാണ് കേന്ദ്ര സംഘം പരിശോധനയ്‌ക്ക് എത്തിയത്.










0 comments