അഴിമതി, ജാതി കമ്മിറ്റി
പ്രതിസന്ധിയിൽ ഉലഞ്ഞ് ബിജെപി

അഞ്ജുനാഥ്
Published on Apr 27, 2025, 02:30 AM | 1 min read
ആലപ്പുഴ
സാമുദായിക അടിസ്ഥാനത്തിൽ ജില്ലാ വിഭജനവും അഴിമതി ആരോപണവും സൃഷ്‌ടിച്ച പ്രതിസന്ധിയിൽ ആടിയുലഞ്ഞ് ബിജെപി ജില്ലാ നേതൃത്വം. പരിഹാരത്തിനായി കേന്ദ്രം നേതൃത്വം ഇടപെട്ടേ തീരൂ എന്ന വാശിയിലാണ് ഒരുവിഭാഗം നേതാക്കൾ. കേരളത്തിൽ പാർടി ശക്‌തിപ്പെടുത്താനെന്ന പേരിലാണ് ബിജെപിയുടെ 14 ജില്ലാ കമ്മിറ്റികളെ 30 സംഘടനാ ജില്ലാ കമ്മിറ്റികളായി വിഭജിച്ചത്. ഇതനുസരിച്ച് ആലപ്പുഴയിൽ വടക്ക്, തെക്ക് ജില്ലാ കമ്മിറ്റികൾ നിലവിൽ വന്നു. എന്നാൽ, സാമുദായിക അടിസ്ഥാനത്തിലാണ് വിഭജിച്ചതെന്ന് ഒരുവിഭാഗം നേതാക്കളും പ്രവർത്തകരും പറയുന്നു. തെക്ക് നായർ സമുദായത്തിനും വടക്ക് ഈഴവ സമുദായത്തിനും പ്രസിഡന്റ് സ്ഥാനം നൽകി. തുടർന്ന് ‘റൊട്ടേഷൻ’ അടിസ്ഥാനത്തിൽ സമുദായ പ്രാതിനിധ്യം നൽകി പ്രസിഡന്റുമാരെ നിശ്‌ചയിക്കാമെന്നാണ് ജില്ലാ കമ്മിറ്റി രൂപീകരണ സമയത്തെ വാഗ്‌ദാനം. ഇത് പാർടിയിൽ സമുദായ ധ്രുവീകരണം കൂടുതൽ ശക്‌തമാക്കി. ഫലത്തിൽ, സംഘടന ശക്‌തിപ്പെടുത്താനെന്നപേരിൽ കൊണ്ടുവന്ന ജില്ലാകമ്മിറ്റി വിഭജനം ബിജെപിക്ക് ഊരാക്കുടുക്കായി. ജില്ലാകമ്മിറ്റി ഓഫീസ് നിർമാണത്തിന്റെ പേരിലുള്ള അഴിമതി ആരോപണം കൂടുതൽ സജീവമായിരിക്കുകയാണ്. ഇത് സംബന്ധിച്ച പരാതി ഒരുവിഭാഗം നേതാക്കൾ മേൽഘടകത്തിന് നൽകിയിട്ടുണ്ട്. നിർമാണത്തിന് നൽകിയ കേന്ദ്രഫണ്ട് ചെലവഴിക്കുന്നതിന്റെ മേൽനോട്ടത്തിനായി ആർഎസ്‌എസ് നിർദേശപ്രകാരം നിയമിച്ചയാളുടെ ഒത്താശയോടെയായിരുന്നു വെട്ടിപ്പെന്നാണ് പരാതി.










0 comments