ആലപ്പഴ നഗരത്തിൽ ശുചീകരണപ്രവർത്തനങ്ങൾ പരാജയപ്പെട്ടു

ആലപ്പുഴ
നഗരത്തിലെ മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾ പൂർണമായി പരാജയപ്പെട്ടെന്ന് എൽഡിഎഫ് പാർലിമെന്ററി പാർടി ലീഡർ വി ജി വിഷ്‌ണു പറഞ്ഞു. നഗരത്തിലെ ചെറുതോടുകളും കനാലുകളും മാലിന്യങ്ങൾ നിറഞ്ഞ നിലയിലാണ്. സമയബന്ധിതമായി ശുചീകരണപ്രവർത്തനങ്ങൾ നടത്താതിരുന്ന യുഡിഎഫ് ഭരണനേതൃത്വത്തിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ എൽഡിഎഫ് നഗരസഭയ്‌ക്ക് അകത്തും പുറത്തും പ്രക്ഷോഭം നടത്തും. ആലപ്പുഴ ബീച്ചിൽ കാർണിവലിനുശേഷം മാലിന്യം നിറഞ്ഞുകിടക്കുകയാണ്. കാർണിവൽ നടത്തിയവരിൽനിന്ന് മാലിന്യം നീക്കാനാവശ്യമായ പണം മുൻകൂറായി നഗരസഭ വാങ്ങണമെന്ന് കൗൺസിലിൽ എൽഡിഎഫ് ആവശ്യപ്പെട്ടിരുന്നു. പണം വാങ്ങിയിട്ടും സമയബന്ധിതമായി ബീച്ച് വൃത്തിയാക്കാൻ സാധിക്കാതെ പോയത് നഗരസഭ ആരോഗ്യ വിഭാഗത്തിൻെറ കെടുകാര്യസ്ഥതയാണ്. ഷഡാമണി തോട് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട ചില തോടുകളിൽ മുൻവർഷം നടക്കാത്ത പ്രവൃത്തി നടന്നു എന്ന് കാണിച്ച് പണം തട്ടിയെടുക്കാൻ ചില ആളുകൾ ശ്രമിക്കുന്നു. ചെയ്യാത്ത പ്രവൃത്തിക്ക് പണം നൽകരുതെന്ന് രേഖാമൂലം ആവശ്യപ്പെട്ടിട്ടുള്ളതാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഈ കാര്യത്തിലെ ഇടപെടലുകൾ അന്വേഷിക്കണം. നഗരസഭാ നേതൃത്വത്തിന്റെ തമ്മിലടിയിൽ നഗരത്തിലെ ജനങ്ങൾ അസ്വസ്ഥരാണ്. നഗരസഭ വൈസ്‌ചെയർമാൻ നവമാധ്യമങ്ങളിലൂടെ നഗരസഭയിൽ വലിയ അഴിമതി നടക്കുന്നു എന്ന് പറഞ്ഞിരിക്കുന്നു. ഇത് ഗൗരവമായി അന്വേഷിക്കണമെന്നും വിഷ്‌ണു ആവശ്യപ്പെട്ടു.
നഗരസഭയിൽ എൽഡിഎഫ് ധർണ
ആലപ്പുഴ
നഗരസഭയുടെ കെടുകാര്യസ്ഥത ആലപ്പുഴ നഗരത്തിലെ മഴക്കാലപൂർവ ശുചീകരണത്തെയും ജനജീവിതത്തെയും ബാധിച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് കൗൺസിലർമാർ നഗരസഭാകവാടത്തിൽ ധർണ നടത്തി. പാർലിമെന്ററി പാർടി ലീഡർ വി ജി വിഷ്‌ണു ഉദ്‌ഘാടനംചെയ്‌തു. ബീന തോമസ് അധ്യക്ഷയായി. എൽ മായ, പി സതീദേവി, രശ്‌മി സനൽ എന്നിവർ സംസാരിച്ചു.










0 comments