പെരുമ്പളത്ത് ഒരുകോടിയുടെ കളിക്കളം

ചേർത്തല
സ്വന്തമായി കളിക്കളം വേണമെന്ന പെരുമ്പളം നിവാസികളുടെ സ്വപ്‌നം യാഥാർഥ്യത്തിലേക്ക്. കായിക, യുവജനകാര്യക്ഷേമ വകുപ്പിന്റെ ‘ഒരുപഞ്ചായത്തിന് ഒരു കളിക്കളം' പദ്ധതിയിൽ കളിക്കളം അനുവദിച്ചു. അത്യാധുനിക സൗകര്യങ്ങളോടെയാണ് കളിക്കളം നിർമിക്കുക. അടങ്കൽതുകയുടെ 50 ശതമാനമായ 50 ലക്ഷം രൂപ കായികവകുപ്പ് നൽകും. എംഎൽഎ ഫണ്ട്, തദ്ദേശസ്ഥാപന ഫണ്ട്, സിഎസ്ആർ, പൊതു-സ്വകാര്യ പങ്കാളിത്തം തുടങ്ങിയവയിലൂടെ ബാക്കി കണ്ടെത്തും. ലഹരിക്കെതിരെ കായികവിനോദങ്ങളിലൂടെ യുവതയെ നേർവഴിക്ക് നയിക്കുകയാണ് ലക്ഷ്യമെന്ന് ദലീമ എംഎൽഎ പറഞ്ഞു. പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാക്കി കളിക്കളം നിർമിക്കുമെന്നും അവർ പറഞ്ഞു. സംസ്ഥാനത്ത് അനുവദിച്ച 36 കളിക്കളങ്ങളിൽ അഞ്ചെണ്ണം ആലപ്പുഴയ്‌ക്കാണ്. പെരുമ്പളം പഞ്ചായത്തിലെ ഏഴാംവാർഡിൽ കളിക്കളം നിർമിക്കാനാണ് അനുമതി. കായികയിനങ്ങൾ പരിശീലിക്കാനുള്ള ഗ്രൗണ്ട്, നടപ്പാത, ഓപ്പൺ ജിം, ശുചിമുറി തുടങ്ങിയവയുണ്ടാകും. മികവുറ്റ തലമുറയെ വാർത്തെടുക്കാൻ കളിക്കളം സഹായകരമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി വി ആശ പറഞ്ഞു.










0 comments