പുതിയ പൈപ്പ്‌ലൈന് രണ്ടരക്കോടി അനുവദിച്ചു
കൈനകരിയിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരമാവുന്നു

തകഴി
കൈനകരി ജങ്‌ഷൻമുതൽ മുണ്ടക്കൽ ടാങ്കുവരെയുള്ള പഴയ പമ്പിങ് മെയിൻ മാറ്റി പുതിയ ലൈൻ സ്ഥാപിക്കാൻ കുട്ടനാട് കുടിവെള്ള പാക്കേജിൽ ഉൾപ്പെടുത്തി രണ്ടരക്കോടി രൂപ അനുവദിച്ചു. ഇതിന്റെ പ്രവൃത്തി പിഡബ്ല്യുഡി പഞ്ചായത്ത് റോഡിന്റെ നിർമാണത്തോടൊപ്പം ആരംഭിക്കും. ഇതിന്റെ പൂർത്തീകരണത്തോടെ പഞ്ചായത്തിലെ കുടിവെള്ളപ്രശ്നത്തിന് ശാശ്വതപരിഹാരമാവുകയാണ്. കൈനകരി പള്ളാത്തുരുത്തിയിൽ പുതിയ കുഴൽക്കിണർ കുഴിക്കാനും അനുമതി നൽകി. കലക്‌ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പഞ്ചായത്തിലെ 12 ,15, 10 വാർഡുകളിൽ ജലവിതരണം നടത്തിയ കുഴൽക്കിണർ പ്രവർത്തനരഹിതമായ സാഹചര്യത്തിലാണ് സമീപത്ത് പുതിയത് കുഴിക്കാനുള്ള അനുമതിക്ക് ഭൂഗർഭജലവകുപ്പിനെ സമീപിച്ചത്. എന്നാൽ അനുമതി നിഷേധിച്ചു. അനുമതി ആവശ്യപ്പെട്ട് വീണ്ടും നിവേദനം നൽകി. ഒപ്പം വിഷയം ചർച്ചചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാൻ കലക്‌ടറോട് അഭ്യർഥിച്ചു. തുടർന്നാണ് തീരുമാനം. യോഗത്തിൽ തോമസ് കെ തോമസ് എംഎൽഎ, മുൻ എംഎൽഎമാരായ സി കെ സദാശിവൻ, കെ കെ ഷാജു, പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ്, വൈസ് പ്രസിഡന്റ് പ്രസീത മിനിൽകുമാർ, വികസന സ്ഥിരംസമിതി അധ്യക്ഷൻ കെ എ പ്രമോദ്, പഞ്ചായത്തംഗങ്ങളായ എ ഡി ആന്റണി, ഡി ലോനപ്പൻ, ശാലിനി ലൈജു, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്‌ടർ പ്രേംജി, പഞ്ചായത്ത് സെക്രട്ടറി ജി ടി അഭിലാഷ് എന്നിവർ പങ്കെടുത്തു.








0 comments