ചേർത്തലയിൽ ജനകീയ മെഗാ ക്ലീനിങ്
8 ടൺ പ്ലാസ്‌റ്റിക് മാലിന്യം നീക്കി

ചേർത്തല നഗരസഭ നേതൃത്വത്തിലെ മെഗാ ക്ലീനിങ് മുൻ മന്ത്രി പി പ്രസാദ് ഉദ്‌ഘാടനംചെയ്യുന്നു

സ്വന്തം ലേഖകൻ
Published on May 10, 2026, 12:50 AM | 1 min read
ചേർത്തല
നഗരസഭ നേതൃത്വത്തിൽ 50 കേന്ദ്രങ്ങളിൽ ശനിയാഴ്‌ച മെഗാ ക്ലീനിങ് സംഘടിപ്പിച്ചു. സ്വച്ച് സർവേഷന്റെയും മഴക്കാലപൂർവ ശുചീകരണത്തിന്റെയും ഭാഗമായാണ് ജനകീയ യജ്ഞം. ആയിരത്തോളം സന്നദ്ധപ്രവർത്തകർ എട്ട് ടൺ പ്ലാസ്‌റ്റിക് മാലിന്യം നീക്കംചെയ്‌തു. കെഎസ്‌ആർടിസി സ്‌റ്റാൻഡിൽ നിയുത്ക എംഎൽഎ പി പ്രസാദ് ശുചീകരണം ഉദ്‌ഘാടനംചെയ്‌തു. നഗരസഭാധ്യക്ഷൻ എസ് സോബിൻ അധ്യക്ഷനായി. ഉപാധ്യക്ഷ എൻ എൽ വത്സലകുമാരി സ്വാഗതവും സ്ഥിരംസമിതി അധ്യക്ഷൻ എസ് സനീഷ് നന്ദിയുംപറഞ്ഞു. നഗരത്തിലെ പൊതുയിടങ്ങൾ, ഗതാഗത കേന്ദ്രങ്ങൾ, പാർക്ക്, കടകളുടെ പിന്നാന്പുറം, സ്‌കൂളുകൾ, ആശുപത്രി പരിസരം, കനാൽത്തീരം, പാതയോരങ്ങൾ എന്നിവിടങ്ങളിലായിരുന്നു മുഖ്യമായും ശുചീകരണം. നഗരസഭ ജീവനക്കാർ, ശുചീകരണ വിഭാഗം ജീവനക്കാർ, ശുചിത്വമിഷൻ പ്രതിനിധികൾ, ക്ലബുകൾ, എസ്‌പിസി, എൻസിസി, എൻഎസ്‌എസ്, രാഷ്‌ട്രീയ–സാമൂഹ്യ സംഘടനാ പ്രവർത്തകർ, ഹരിതകർമസേന തുടങ്ങിയവർ യജ്ഞത്തിൽ പങ്കാളികളായി. മണ്ണും വെള്ളവും മലിനമാക്കുമായിരുന്ന പ്ലാസ്‌റ്റിക്, കടലാസ്, തുകൽ, തുണി, കുപ്പി തുടങ്ങിയ മാലിന്യങ്ങളാണ് നീക്കിയത്. ശേഖരിച്ച മാലിന്യം ഹരിതകർമസേന മുഖേന സംസ്‌കരിക്കും. ഉദ്‌ഘാടനച്ചടങ്ങളിൽ രാഷ്‌ട്രീയ–സാമൂഹ്യ സംഘടനാ നേതാക്കളായ ബി വിനോദ്, കെ ഉമയാക്ഷൻ, കെ വി ചന്ദ്രബാബു, കലാധരൻ, പി എസ് പുഷ്‌പരാജ്, ടി എസ് അജയകുമാർ, നഗരസഭ സെക്രട്ടറി ടി കെ സുജിത്ത്, ക്ലീൻസിറ്റി മാനേജർ പി സന്ദേശ് എന്നിവർ പങ്കെടുത്തു.











0 comments