ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക്? ഇന്ത്യ–ശ്രീലങ്ക ഏകദിന വേദിമാറ്റ വാർത്തകൾ തള്ളി ബിസിസിഐ

ന്യൂഡൽഹി: ഡിസംബർ 13 ന് ഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ–ശ്രീലങ്ക ആദ്യ ഏകദിനം അഹമ്മദാബാദിലേക്ക് മാറ്റിയെന്ന റിപ്പോർട്ടുകൾ തള്ളി ബിസിസിഐ. വേദി മാറ്റാൻ തീരുമാനിച്ചിട്ടില്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി.
അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളെ തുടർന്നാണ് മത്സരം മാറ്റിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ, വാർത്തകൾ ശരിയല്ലെന്നും മത്സരക്രമവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ബിസിസിഐയുടെ ഔദ്യോഗിക അറിയിപ്പുകൾ പരിശോധിക്കണമെന്നും സൈകിയ ആവശ്യപ്പെട്ടു. മത്സരങ്ങളുടെ വേദികൾ നിശ്ചിത നയപ്രകാരമാണ് അനുവദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിസംബർ 13 മുതൽ 27 വരെയാണ് ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനം. മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ആദ്യ ഏകദിനം ഡൽഹിയിലും രണ്ടാം മത്സരം ബെംഗളൂരുവിലും മൂന്നാം മത്സരം അഹമ്മദാബാദിലും നടക്കും.
ഡിസംബർ 19-ന് നടക്കുന്ന അവസാന ഏകദിനത്തിന് അഹമ്മദാബാദ് സ്റ്റേഡിയമാണ് വേദി. തുടർന്ന് രാജ്‌കോട്ട്, കട്ടക്ക്, പൂനെ എന്നിവിടങ്ങളിലായി മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയും നടക്കും.








0 comments