ad
Deshabhimani

500 താറാവുകളെ തെരുവുനായ്​ക്കൾ കടിച്ചുകൊന്നു

duck

ഹൃദയം തകർന്ന്... തെരുവുനായ്​ക്കളുടെ കടിയേറ്റ് ചത്ത താറാവിന്‍കൂട്ടത്തിനരികെ താറാവുകര്‍ഷകന്‍ ഷോബി ഫിലിപ്പ്

വെബ് ഡെസ്ക്

Published on Aug 08, 2025, 02:11 AM | 1 min read

മാന്നാർ

കൂട്ടിൽ സൂക്ഷിച്ചിരുന്ന 500ലധികം താറാവിനെ തെരുവുനായ്​ക്കൾ കടിച്ചുകൊന്നു. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് ഒന്നാംവാർഡിൽ തൃപ്പെരുന്തുറ പടിഞ്ഞാറെവഴി മൂന്നുതെങ്ങില്‍ ഷോബി ഫിലിപ്പിന്റെ (മോനച്ചൻ) എട്ട് മാസം പ്രായമുള്ള മുട്ടയിടുന്ന താറാവുകളെയാണ് തെരുവുനായ്​ക്കൾ കൂട് തകർത്ത് കടിച്ചുകൊന്നത്. വ്യാഴം പുലർച്ചെ മൂന്നോടെയായിരുന്നു തെരുവുനായ്​ക്കളുടെ ആക്രമണം. പരമ്പരാഗത താറാവ് കർഷകനായ ഷോബി ഫിലിപ്പ് 885 താറാവുകളെയാണ് കൂട്ടിൽ വളർത്തുന്നത്. മുട്ടകള്‍ ശേഖരിക്കാന്‍ പുലർച്ചയോടെ ഷെഡിൽ എത്തിയപ്പോഴാണ് നായ്​ക്കൾ കടിച്ചുകൊന്നതായി കണ്ടത്​. ടിൻ ഷീറ്റിൽ നിർമിച്ച മേൽക്കൂരയ്​ക്കുള്ളിലെ ഹാളിൽ പ്ലാസ്റ്റിക് വലകൾ കെട്ടി സംരക്ഷിച്ച കൂട്​ തകർത്താണ് കൂട്ടത്തോടെത്തിയ തെരുവുനായ്​ക്കൾ താറാവുകളെ കൊന്നൊടുക്കിയത്. ശേഷിക്കുന്ന താറാവുകൾക്കും കടിയേറ്റിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ ഹാച്ചറിയിൽനിന്ന്​ മുട്ട വിരിയിക്കുന്ന യന്ത്രത്തിൽ വിരിയിച്ച് ആവശ്യമായ പ്രതിരോധ മരുന്നുകളും തീറ്റയും നൽകി വളർത്തി വലുതാക്കിയ മുട്ടത്താറാവുകളെയാണ് നായ്​ക്കൾ കൊന്നത്. ചത്ത താറാവുകളെ വീട്ടുപരിസരത്ത് ആഴത്തിൽ കുഴിയെടുത്ത് മൂടി. വെറ്ററിനറി ഡോക്​ടർ ഡോ. ആഷ അലക്​സ്​ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ളവ ജില്ലാ വൈറ്ററിനറി ഡയറക്​ടർക്ക് കൈമാറി. മുട്ടയിടുന്ന താറാവായതിനാൽ രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്​ടം കണക്കാക്കുന്നതായി പ‍ൗൾട്രി ഡക്ക് ആൻഡ് ഫാർമേഴ്സ് അസോസിയേഷൻ ജില്ലാ ചെയർമാൻ ബി രാജശേഖർ പറഞ്ഞു. 2024 ജൂണിൽ പ്ലേഗും അറ്റാക്കും വന്ന്​ എണ്ണായിരത്തോളം താറാവുകളെയാണ്​ ഷോബിക്ക്​ നഷ്​ടമായത്​. ഇതിന്​ ധനസഹായം ലഭിച്ചിരുന്നില്ല. ഏറെ താറാവുകർഷകരുണ്ടായിരുന്ന ചെന്നിത്തലയില്‍ ഇപ്പാേള്‍ നാമമാത്രമായ കര്‍ഷകരാണുള്ളത്. ഇപ്പോൾ ഇൻഷുറൻസ് പരിരക്ഷപോലും ലഭിക്കുന്നില്ലെന്നും രോഗത്താലോ ഇത്തരം ആക്രമണത്താലോ താറാവുകൾ ചത്തുപോയാൽ ഒരു സഹായവും കിട്ടാറില്ലെന്നും ഷോബി പറഞ്ഞു. സ്വർണാഭരണങ്ങൾ പണയംവച്ചും ബാങ്ക് വായ്​പകളിലൂടെയുമാണ് താറാവുകൃഷി നടത്തുന്നതെന്നും ആത്മഹത്യയുടെ വക്കിലാണെന്നും ഷോബി വേദനയോടെ പറഞ്ഞു. മുട്ട വിപൽപ്പന കൂടാതെ നിരവധിയാളുകള്‍ ഇവിടെനിന്നും താറാവുകളെ വാങ്ങി കച്ചവടം നടത്താറുണ്ട്. ഇനിയും ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നുള്ള ആശങ്കയിലാണ് ഈ കുടുംബം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home