സർക്കാരിന്റെ പുതുവത്സരസമ്മാനം
ജനറൽ ആശുപത്രിയിൽ 5 ഡോക്‌ടർ തസ്‌തികകൂടി

ആലപ്പുഴ
ജനറൽ ആശുപത്രിക്ക് സർക്കാരിന്റെ പുതുവത്സരസമ്മാനം. അഞ്ച് ഡോക്‌ടർമാരുടെ തസ്‌തികകൂടി അനുവദിച്ച് ഉത്തരവിറക്കി. രണ്ട് കാർഡിയോളജി, ന്യൂറോളജി, യൂറോളജി, നെഫ്രോളജി വിഭാഗങ്ങളിൽ ഓരോന്നുവീതവുമുള്ള സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി തസ്‌തികകളാണ് സർക്കാർ പുതുതായി അനുവദിച്ചത്. കഴിഞ്ഞവർഷം മുഖ്യമന്ത്രി നേരിട്ട് വിളിച്ചുചേർത്ത എംഎൽഎമാരുടെ യോഗത്തിൽ മണ്ഡലത്തിലെ ആവശ്യങ്ങൾ ഉന്നയിച്ചതിൽ പ്രധാനമായും അവതരിപ്പിച്ചത് ജനറൽ ആശുപത്രിയിലെ ഡോക്‌ടർമാരുടെ കുറവും കാത്ത് ലാബ് സംവിധാനവുമായിരുന്നു. ആരോഗ്യമന്ത്രിക്കും ഈ ആവശ്യങ്ങൾ ഉന്നയിച്ച് കത്ത് നൽകിയിരുന്നു. ജില്ലയുടെ ഇൗ ആവശ്യത്തോടാണ് ഇപ്പോൾ സ്‌പെഷ്യാലിറ്റി വിഭാഗത്തിൽ അഞ്ച് കൺസൾട്ടന്റ് ഡോക്‌ടർമാരുടെ തസ്‌തിക അനുവദിച്ച് സർക്കാർ ഇപ്പോൾ പോസിറ്റീവായി പ്രതികരിച്ചത്. കിഫ്ബിയിൽ സംസ്ഥാന സർക്കാർ 117 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ ബഹുനില ഒപി ബ്ലോക്ക് മാസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചിരുന്നു. നവകേരള സദസിന്റെ ഭാഗമായി സർക്കാർ അനുവദിച്ച ഏഴ് കോടി രൂപ ചെലവിൽ മറ്റൊരു പുതിയ ബഹുനില മന്ദിരത്തിന്റെ നിർമാണവും ഉടൻ ജനറൽ ആശുപത്രിയിൽ ആരംഭിച്ച് സൗകര്യങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എച്ച് സലാം എംഎൽഎ അറിയിച്ചു. പുതിയ തസ്‌തിക സൃഷ്‌ടിച്ച പിണറായി വിജയൻ സർക്കാരിനെയും ആരോഗ്യമന്ത്രി വീണാ ജോർജിനെയും എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.










0 comments