ad
Deshabhimani

തീരത്തെ കൈവിടാതെ സർക്കാർ

കരകയറ്റിയത്‌ 
3816 ജീവൻ

യന്ത്രത്തകരാറിനെത്തുടർന്ന്‌ ആഴക്കടലിൽ ഒഴുകിനടന്ന ബോട്ടിലെ 
ജീവനക്കാർക്കായി രക്ഷാപ്രവർത്തനം നടത്തുന്ന ജില്ലയിലെ ഫിഷറീസ് റെസ്‌ക്യൂ 
സേനാംഗങ്ങൾ (ഫയൽചിത്രം)

യന്ത്രത്തകരാറിനെത്തുടർന്ന്‌ ആഴക്കടലിൽ ഒഴുകിനടന്ന ബോട്ടിലെ 
ജീവനക്കാർക്കായി രക്ഷാപ്രവർത്തനം നടത്തുന്ന ജില്ലയിലെ ഫിഷറീസ് റെസ്‌ക്യൂ 
സേനാംഗങ്ങൾ (ഫയൽചിത്രം)

avatar
ഫെബിന്‍ ജോഷി

Published on Mar 27, 2026, 11:41 PM | 1 min read

ആലപ്പുഴ
കടലാഴങ്ങളിൽനിന്ന്‌ ജില്ലയിലെ ഫിഷറീസ് റെസ്‌ക്യൂ സേന നാല്‌ വർഷത്തിനിടെ കൈപിടിച്ചുയർത്തിയത്‌ -3816 മത്സ്യത്തൊഴിലാളി ജീവനുകൾ. 98 ശതമാനമാണ്‌ രക്ഷാപ്രവർത്തനങ്ങളുടെ വിജയനിരക്ക്‌. തോട്ടപ്പള്ളിയിൽ 2022 ഏപ്രിലിൽ ജില്ലയിലെ ഫിഷറീസ് സ്‌റ്റേഷൻ പ്രവർത്തനം ആരംഭിച്ചശേഷം 306 രക്ഷാപ്രവർത്തനങ്ങളിലായാണ്‌ ഇത്രയധികം മനുഷ്യരെ ജീവിതത്തിലേക്ക്‌ തിരികെയെത്തിച്ചത്‌. അപകടത്തിൽപ്പെട്ട മുന്നൂറോളം മത്സ്യബന്ധനയാനങ്ങളും കടലിൽനിന്ന്‌ സുരക്ഷിതമായി സേന തീരത്തെത്തിച്ചു. സ്‌റ്റേഷൻ ആരംഭിക്കുന്നതിന്‌ മുമ്പ്‌ ആലപ്പുഴയിലെ ഡെപ്യൂട്ടി ഡയറക്‌റുടെ ഓഫീസ്‌ കേന്ദ്രീകരിച്ചാണ്‌ പ്രവർത്തനങ്ങൾ നടന്നിരുന്നത്‌. കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ ഏകോപിപ്പിക്കാൻ സ്‌റ്റേഷന്‍ കരുത്താകുമെന്ന ഉദ്‌ഘാടനവേളയിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ തീരത്തിന്‌ ജീവിതാനുഭവമായി. ആധുനികസൗകര്യങ്ങളുള്ള ഫിഷറീസ് സ്‌റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൺട്രോൾ റൂമും റെസ്‌ക്യൂ ബോട്ടുകളുടെ സേവനവും അസിസ്‌റ്റന്റ് ഡയറക്‌ടര്‍, അസിസ്‌റ്റന്റ് ഫിഷറീസ് എക്‌സ്‌റ്റന്‍ഷന്‍ ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെടെ എട്ട് ഉദ്യോഗസ്ഥരുടെയും റെസ്‌ക്യൂ ഗാര്‍ഡുമാരുടെയും സേവനവും ലഭ്യമാക്കിയാണ്‌ കേരളത്തിന്റെ തീരമേഖലയുടെ 14 ശതമാനത്തോളം ഉൾപ്പെടുന്ന ജില്ലയുടെ കടലാഴങ്ങളിലേക്കും സർക്കാർ രക്ഷാകരം നീട്ടിയത്‌. വലിയഴീക്കൽമുതൽ ചാപ്പക്കടവുവരെ ജില്ലയിലെ കടലിൽ അപകടത്തിൽപ്പെടുന്ന മീൻപിടിത്തയാനങ്ങളെയും മത്സ്യത്തൊഴിലാളികളെയും രക്ഷിക്കാൻ ഇവർ 24 മണിക്കൂറും സജ്ജരാണ്. കായംകുളം ഹാർബർ കേന്ദ്രീകരിച്ച് ഒരു റെസ്‌ക്യൂ ബോട്ടും ടീമും തോട്ടപ്പള്ളി ഹാർബർ കേന്ദ്രീകരിച്ച്‌ തീരക്കടലിൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ഒരു ഫൈബർവള്ളവും റെസ്‌ക്യൂ ടീമും സ്ഥിരമായി പ്രവർത്തിക്കുന്നു. ട്രോളിങ്‌ നിരോധന സമയത്ത്‌ ജില്ലയിൽ രണ്ട്‌ ബോട്ട്‌ കായംകുളവും തോപ്പുംപടിയും കേന്ദ്രീകരിച്ച് സജ്ജമാക്കാറുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home