തൊഴിലുറപ്പ് അട്ടിമറി
തൊഴിലാളി പ്രതിഷേധമിരമ്പി

കെഎസ-്കെടിയു, ബികെഎംയു നേതൃത്വത്തിൽ സംഘടിപ്പിച്ച പാസ-്പോർട്ട് ഓഫീസ് മാർച്ചും ധർണ്ണയും സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
കോർപറേറ്റുകൾക്ക് രാജ്യത്തെ അടിയറവയ്ക്കുന്നതിന്റെ ഭാഗമായാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർത്ത്, മോദി സർക്കാർ പുതിയ നിയമം കൊണ്ടുവന്നതെന്ന് കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി തകർത്ത കേന്ദ്രസർക്കാരിനെതിരെ കെഎസ്‌കെടിയു, -ബികെഎംയു സംഘടനകൾ സംഘടിപ്പിച്ച പാസ്‌പോർട്ട് ഓഫീസ് മാർച്ചും ധർണയും ഉദ്‌ഘാടനംചെയ്യുകയായിരുന്നു ആനാവൂർ നാഗപ്പൻ. ഇടതുപക്ഷ പിന്തുണയോടെ ഒന്നാം യുപിഎ സർക്കാർ നടപ്പിലാക്കിയതാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ആദിവാസി അവകാശങ്ങൾ സംരക്ഷിക്കുന്ന വനാവകാശ നിയമവും. മോദി അധികാരത്തിൽ വന്നതോടെ വനാവകാശ നിയമത്തിന്റെ കരചരണങ്ങൾ വെട്ടിമാറ്റി. തൊഴിലുറപ്പ് പദ്ധതിക്ക് അന്ത്യകൂദാശ നൽകി. അതിൽ തദ്ദേശസ്ഥാപനങ്ങളുടെ അവകാശം ഇല്ലാതാക്കി. തൊഴിലാളികളുടെ ജീവിതം വഴിമുട്ടിക്കുകയാണ്. തൊഴിൽകോഡിലൂടെ ജനങ്ങളെ കോർപറേറ്റുകളുടെ അടിമകളാക്കി മാറ്റി. ബിജെപിക്ക് വർഗീയതയിൽ മാത്രമാണ് താൽപര്യം. തൊഴിലുറപ്പ് കേന്ദ്ര പദ്ധതിയായിരുന്നു. ഇപ്പോൾ കേന്ദ്രസഹായപദ്ധതിയാക്കി. ഗ്രാമീണ മേഖലയിലെ തൊഴിലാളിക്ക് ഉറപ്പായിരുന്ന 100 ദിവസതൊഴിൽ ഇല്ലാതായി. 125 ദിവസം തൊഴിൽ ലഭിക്കുമെന്ന കേന്ദ്രപ്രചാരണം അസംബന്ധമാണ്. സംസ്ഥാന സർക്കാരിനുമേൽ സാമ്പത്തികബാധ്യത അടിച്ചേൽപ്പിച്ച് കേന്ദ്രസഹായം ഇല്ലാതാക്കുകയാണ് മോദിസർക്കാരിന്റെ ലക്ഷ്യം. കേന്ദ്രപദ്ധതിയുടെ സാമ്പത്തിക ചെലവ് സംസ്ഥാനങ്ങൾ വഹിക്കേണ്ട സ്ഥിതിയാക്കി. കേന്ദ്രം നിർദേശിക്കുന്ന തൊഴിലേ ചെയ്യാവൂ എന്ന നിബന്ധനയുമുണ്ട്. കാർഷിക സീസണിൽ രണ്ടുമാസത്തോളം തൊഴിൽ നിഷേധിക്കാം. 15ന് ജില്ല കേന്ദ്രീകരിച്ച് രണ്ടാംഘട്ട പ്രക്ഷോഭം ആരംഭിക്കുമെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.ബികെഎംയു ജില്ലാ സെക്രട്ടറി ആർ അനിൽകുമാർ അധ്യക്ഷനായി. കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് കെ രാഘവൻ, കെ കെ ഷാജു, സി പ്രസാദ്, സുധാമണി, പി രഘുനാഥ് എന്നിവർ സംസാരിച്ചു. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം സത്യപാലൻ സ്വാഗതം പറഞ്ഞു. നഗരസഭാ ശതാബ്ദി മന്ദിരത്തിന് മുന്നിൽ കേന്ദ്രീകരിച്ചാണ് നൂറുകണക്കിന് തൊഴിലാളികൾ പാസ്പോർട്ട് ഓഫീസിലേയ്ക്ക് മാർച്ച് ചെയ്തത്.









0 comments