18 ൽ 18ഉം പോളിടെക്നിക്കിൽ രണ്ടിൽ രണ്ടും നേടി സമ്പൂർണ്ണ അധിപത്യം
ആലപ്പുഴയിൽ സർവം എസ്എഫ്ഐ; മുഴുവൻ കോളേജിലും പോളികളിലും മിന്നുംവിജയം

ചേർത്തല എസ് എൻ കോളേജിൽ വിജയിച്ച എസ്എഫ്ഐ പ്രവർത്തകരുടെ ആഹ്ലാദപ്രകടനം

സ്വന്തം ലേഖകൻ
Published on Sep 18, 2026, 07:49 PM | 2 min read
ആലപ്പുഴ: കേരള സർവകലാശാല, പോളിടെക്നിക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ ആലപ്പുഴയിൽ എസ്‌എഫ്‌ഐക്ക് സമ്പൂർണാധിപത്യം. കേരളയിൽ സംഘടനാപരമായി തെരഞ്ഞെടുപ്പ് നടന്ന 18ൽ 18കോളേജിലും പോളിടെക്നിക്കിൽ രണ്ടു കോളേജിലും എസ്‌എഫ്‌ഐ മിന്നും നേട്ടം കൊയ്‌തു. കെഎസ്‌യു–എബിവിപി– ക്യാമ്പസ് ഫ്രണ്ട്– ജമാഅത്ത് ഇസ്ലാമി– എംഎസ്‌എഫ് വർഗീയ കൂട്ടുകെട്ടുകളെ നിലംപരിശാക്കിയാണ് വിജയം.
നാമനിർദേശ പത്രിക സമർപ്പണം അവസാനിച്ചപ്പോൾ 15 കോളേജിൽ എതിരില്ലാതെ വിജയിച്ചിരുന്നു. ക്രിസ്‍ത്യൻ കോളേജ് ചെങ്ങന്നൂർ, ഐഎച്ച്ആര്‍ഡി പേരിശേരി മാന്നാർ, മാർ ഇവാനിയോസ് മാവേലിക്കര, ഐഎച്ച്ആര്‍ഡി മാവേലിക്കര, ജി – സിഎൽഎആര്‍ കോളേജ് കായംകുളം, ടികെഎംഎം ഹരിപ്പാട്, ആലപ്പുഴ എസ്‍ഡിവി കോളേജ്, ഫൈൻ ആര്‍ട്സ് കോളേജ് മാവിലേക്കര, ചെങ്ങന്നൂര്‍ ആല എസ് എൻ കോളേജ്, ഐഎച്ച്ആര്‍ഡി കാർത്തികപ്പള്ളി, ആലപ്പുഴ എസ്‌ഡി, ചേർത്തല എൻഎസ്‍എസ്, ചേർത്തല എസ്‍എൻ, ചേർത്തല സെന്റ് മൈക്കിൾസ്, ചേർത്തല പോളിടെക്നിക്ക് എന്നീ കോളേജുകളിൽ മുഴുവൻ സീറ്റിലും എതിരില്ലാതെ ജയിച്ചു.
ആലപ്പുഴ എംഎൽഎ എ ഡി തോമസിന്റെ നേതൃത്വത്തിലുള്ള ജില്ലയിലെ കെഎസ്‍യുവിന് മാവേലിക്കര ബിഷപ്മൂര്‍, കായംകുളം എംഎസ്എം, അമ്പലപ്പുഴ ഗവ. കോളേജ്, കായംകുളം പോളിടെക്നിക് എന്നിവിടങ്ങളിൽ മാത്രമാണ് സ്ഥാനാർഥികളെ നിർത്താനായത്. ശ്രീ അയ്യപ്പകോളേജിൽ സ്ഥാനാർഥികളെ നിർത്താതെ എബിവിപിയെ പിന്തുണച്ചെങ്കിലും വിജയിച്ചില്ല. കായംകുളം പോളിയിൽ ഇരുന്നൂറോളം വോട്ടിനാണ് എസ്‌എഫ്‌ഐ വിജയം.
ക്യാമ്പസുകളെ സർഗാത്മകമാക്കാൻ എസ്‌എഫ്‌ഐ നടത്തുന്ന നിരന്തര ഇടപെടലിന് അംഗീകാരം സമ്മാനിച്ച വിദ്യാർഥികളെ ജില്ലാ പ്രസിഡന്റ് അനന്ദു അജി, സെക്രട്ടറി വൈഭവ് ചാക്കോ എന്നിവർ അഭിവാദ്യംചെയ്‌തു.
എംഎസ്എമ്മിൽ വീണ്ടും മാസ്
സംഘപരിവരാർ അനുകൂലിയായ വൈസ് ചാൻസിലറും സംസ്ഥാന സർക്കാരും കോളേജ് മാനേജ്‌മെന്റും നടത്തിയ കുപ്രചാരണങ്ങളെയും വലതുപക്ഷ കടന്നാക്രമണങ്ങളെയും പരാജയപ്പെടുത്തിയാണ് കായംകുളം എംഎസ്എമ്മിൽ എസ്‌എഫ്‌ഐ വിജയം നേടിയത്. എസ്‌എഫ്‌ഐയുടെ ചെയർമാൻ സ്ഥാനാർഥിയെ നിയമവിരുദ്ധമായി പുറത്താക്കിയെങ്കിലും മറ്റ് സീറ്റുകളിൽ മുന്നൂറോളം വോട്ടിന് കെഎസ്‌യു ദയനീയ തോൽവി ഏറ്റുവാങ്ങി. തുടർന്ന് കായംകുളം നഗരത്തിൽ വിജയാഹ്ലാദ പ്രകടനവും യോഗവും നടന്നു. സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് സംസാരിച്ചു.
കഴിഞ്ഞ വർഷം വ്യാജ ക്ലിയറൻസ് സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച കെഎസ്‌യു നേതാവ് പരാജയപ്പെട്ടിരുന്നു. പരീക്ഷയിൽ തോറ്റ വിവരം മറച്ചുവച്ചാണ് കെഎസ്‌യു നാമനിർദേശ പത്രിക നൽകിയത്. സൂക്ഷ്‌മ പരിശോധനയിൽ പത്രിക തള്ളിയതിനെ തുടർന്ന് കോൺഗ്രസ് അനുകൂല അധ്യാപക സംഘടന പ്രവർത്തകന്റെയും വകുപ്പുമേധാവിയുടെയും ഒപ്പോടെ സാക്ഷ്യപത്രം കോടതിയിൽ ഹാജരാക്കിയാണ് 2025ൽ മത്സരിച്ചത്.









0 comments