മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 29 വർഷത്തിനുശേഷം പിടിയിൽ

സ്വന്തംലേഖകൻ
മുഹമ്മ
പുത്തനങ്ങാടിയിലെ ബീനാ ടെക്സ്റ്റൈൽസിൽനിന്നും തുണിത്തരങ്ങൾ മോഷ്ടിച്ചകേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി 29 വർഷത്തിനുശേഷം പിടിയിൽ. ചേർത്തല പാണാവള്ളി പഞ്ചായത്ത് ആറാംവാർഡിൽ വിനോദ് ഭവനത്തിൽ വേണുഗോപാലൻ നായരാണ് (69) മുഹമ്മ പൊലീസിന്റെ പിടിയിലായത്. 1996 സെപ്‌തംബർ ഏഴിന് രാത്രിയാണ് വേണുഗോപാലൻ നായരും കൂട്ടുപ്രതി തമിഴ്നാട് ആമ്പല്ലൂർ സ്വദേശി കുഞ്ഞുമോനും ചേർന്ന് മോഷണം നടത്തിയത്. തുണിത്തരങ്ങൾ കോട്ടയം പാമ്പാടിയിലെ തുണിക്കടയിൽ വിറ്റു. ചേർത്തല സ്റ്റേഷൻ പരിധിയിലും ആലപ്പുഴ നോർത്ത് സ്റ്റേഷൻ പരിധിയിലും വേണുഗോപാലൻ നായരും കൂട്ടാളികളും ചേർന്ന് സമാനമായ രീതിയിൽ മോഷണങ്ങൾ നടത്തിയിരുന്നു. മുഹമ്മ സ്റ്റേഷനിലെ ഈ കേസിൽ ജാമത്തിൽ ഇറങ്ങിയ ഇയാൾ അന്ന് താമസിച്ചിരുന്ന പള്ളിപ്പുറത്ത് നിന്നും മുങ്ങി കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിൽ ഒളിവിൽ താമസിച്ച് വരികയായിരുന്നു. അവിടെ ഹോട്ടൽ തൊഴിലാളിയായും ഓട്ടോറിക്ഷ ഡ്രൈവറായും ജോലി നോക്കി. പിന്നീട്, വേണുഗോപാലൻ നായർ പാണാവള്ളി അരയങ്കാവിൽ പുതിയ മേൽവിലാസത്തിൽ താമസമാക്കി. എറണാകുളത്തും മറ്റും പള്ളികളിൽ മെഴുകുതിരികളും മറ്റും കച്ചവടം നടത്തി വരികയായിരുന്നു. കേസിന്റെ വിചാരണവേളയിൽ കൂട്ടുപ്രതി കുഞ്ഞുമോൻ മരിച്ചു. വിവിധ കേസുകളിൽപെട്ട് ദീർഘകാലമായി ഒളിവിലായിരുന്ന പ്രതികളെ കണ്ടെത്താനുള്ള ചേർത്തല എ എസ് പി ഹാരിഷ് ജയിന്റെ ഇടപെടലാണ് വഴിത്തിരിവായത്. മുഹമ്മ സ്റ്റേഷൻ ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദ്, സീനിയർ സിപിഒ സുഹാസ്, സിപിഒ അബിൻകുമാർ എന്നിവർ ചേർന്നാണ് അരയങ്കാവിലെ താമസസ്ഥലത്തുനിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. ചേർത്തല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.








0 comments