ad
Deshabhimani

കരപ്പാടങ്ങളിൽ വിതക്കാലം

Kri
വെബ് ഡെസ്ക്

Published on Apr 26, 2026, 02:23 AM | 1 min read

ആലപ്പുഴ

കരിഞ്ഞുണങ്ങുന്ന വേനലാണെങ്കിലും ജില്ലയിലെ കരപ്പാടങ്ങളിൽ ഇപ്പോൾ വിതയുത്സവമാണ്‌. കരപ്പുറം ഭാഗങ്ങളിലെ പാടങ്ങളാണ്‌ കൃഷിക്കായി ഉണരുന്നത്‌. കഞ്ഞിക്കുഴി, മാരാരിക്കുളം, മുഹമ്മ, തണ്ണീർമുക്കം, ചേർത്തല ഭാഗങ്ങളിലാണ്‌ ഏറെയും കൃഷി. കേരളത്തിൽ മറ്റെങ്ങുമില്ലാത്ത സവിശേഷതയാണ്‌ ഇവിടത്തെ കരനെൽ കൃഷിക്ക്‌ ഉള്ളത്‌. നൂറ്റാണ്ടുകൾക്ക്‌ മുന്പ്‌ ഭക്ഷ്യക്ഷാമത്തിന്‌ പരിഹാരമായി മനുഷ്യാധ്വാനത്താൽ ഉണ്ടാക്കിയെടുത്തവയാണ്‌ കരനെല്ല്‌ വിളയുന്ന പാടങ്ങൾ എന്നത്‌ ചരിത്രം. പുരയിടം കുഴിച്ച്‌ മണ്ണുനീക്കിയാണ്‌ ഇത്തരം കണ്ടങ്ങൾ ഉണ്ടാക്കിയത്‌. 
 സാധാരണ പാടങ്ങളിലേതുപോലെ ഇവിടെ വെള്ളം കയറ്റാനും ഇറക്കാനും സ‍ൗകര്യമില്ല. പൂർണമായും മഴയെ ആശ്രയിച്ചാണ്‌ കൃഷി. ഇത്‌ കണക്കാക്കി മേടം പത്തിന്‌ പത്താമുദയദിനത്തിലാണ്‌ സാധാരണയായി വിത്ത്‌ വിതയ്‌ക്കുക. ഇ‍ൗ സമയത്ത്‌ വേനൽമഴ ലഭിക്കും. ഇതോടെ വിത്ത്‌ മുളയ്‌ക്കും. കാലവർഷമെത്തുന്പോൾ നെൽച്ചെടികൾ നല്ല വളർച്ചയെത്തിയിരിക്കും. വിതയ്‌ക്കുമുണ്ട്‌ പ്രത്യേകത. കന്നിക്കൊയ്‌ത്തിന്‌ പാകമാകുന്ന വിരിപ്പ്‌, മകരക്കൊയ്‌ത്തിന്‌ പാകമാകുന്ന മുണ്ടകൻ എന്നീ ഇനം വിത്തുകൾ യ്രഥാക്രമം 7:3 അനുപാതത്തിലാണ്‌ വിതയ്‌ക്കുക. കന്നിക്കൊയ്‌ത്തിൽ വിരിപ്പ്‌ കൊയ്യുന്പോൾ മുണ്ടകനും ഒപ്പം കൊയ്യും. പൊട്ടിച്ചിനച്ച്‌ വളരാൻ കഴിവുള്ളതിനാൽ മുണ്ടകൻ തുലാമഴക്കാലത്ത്‌ വീണ്ടും ഉയരും. ഇതാണ്‌ മകരത്തിൽ കൊയ്യുക. ഇപ്പോൾ പൊതുവെ കരനെൽക്കൃഷി കുറവാണെങ്കിലും അരിക്ക്‌ ആവശ്യക്കാർ ഏറെയാണ്‌. കിലോയ്‌ക്ക്‌ 100 രൂപ വരെയാണ്‌ വില. കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷിവകുപ്പ്‌ കൃഷിഭവനുകൾ വഴി വിത്ത്‌ സ‍ൗജന്യമായി നൽകുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home