കുപ്രചാരണങ്ങൾ വരമ്പിന് പുറത്ത്
നെല്ല് സംഭരണം സജീവം 14.49 കോടി കർഷകർക്ക് കിട്ടി

പൊങ്ങപൂപ്പള്ളി കായൽ പാടശേഖരത്തിൽനിന്ന് കൊയ്തെടുത്ത നെല്ല് കൂട്ടിയിടുന്ന കർഷകൻ
ആലപ്പുഴ
തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കർഷകർക്കിടയിൽ ആശങ്കപരത്താൻ കോൺഗ്രസും ബിജെപിയും നടത്തുന്ന കുപ്രചാരണങ്ങൾക്കിടയിലും നെല്ല് സംഭരണവും നെൽവില വിതരണവും ജില്ലയിൽ പുരോഗമിക്കുന്നു. ചൊവ്വാഴ്‌ച വരെ ജില്ലയിലെ നെല്ല് സംഭരണം 64 ശതമാനം പൂർത്തിയായി. സംഭരിച്ച നെല്ലിന്റെ വില 1,787 കർഷകർക്കായി 19.33 കോടി വിതരണം ചെയ്യുന്നതിനുള്ള നടപടികളും പൂർത്തിയായി. ജില്ലയിലെ 100 പാടശേഖരങ്ങളിലെ 7782.48 ഹെക്‌ടറിൽനിന്ന് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ 13,081 ടൺ നെല്ല് സംഭരിച്ചു. കാനറ, എസ്‌ബിഐ ബാങ്കുകളാണ് കർഷകർക്ക് പണം അനുവദിക്കുന്നത്. കാനറ ബാങ്കിൽ 922 റെസീപ്‌റ്റ് ഷീറ്റിൽ 10.5 കോടിയും എസ്‌ബിഐ 865 എണ്ണത്തിൽ 8.83 കോടിയും വിതരണംചെയ്യും. ഇതിൽ 1300 പാഡി റെസീപ്‌റ്റ് ഷീറ്റുകളിലായി 14.49 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലെത്തി. കാനറ ബാങ്ക് 711 റെസീപ്‌റ്റ് ഷീറ്റിൽ എട്ടുകോടിയും എസ്‌ബിഐ 591 എണ്ണത്തിൽ 6.49 കോടിയുമാണ് വിതരണം ചെയ്‌തത്. 4988.41 ഹെക്‌ടറിലെ നെല്ല് സംഭരിക്കുന്നതിനുകൂടി മില്ലുകൾക്ക് അലോട്ട് ചെയ്‌തുകഴിഞ്ഞു.








0 comments