ഹെെവ, ഹാപ്പിനെസ്...

കൊമ്മാടിയിൽ ബാലസംഘം ആലപ്പുഴ ഏരിയ കമ്മിറ്റിയുടെ ഹാപ്പിനെസ് ഫെസ്‌റ്റിൽ ചുവടുവയ്ക്കുന്ന കുട്ടികൾ
സ്വന്തംലേഖകൻ
ആലപ്പുഴ
ബാലസംഘം ഹാപ്പിനെസ് ഫെസ്‌റ്റിൽ കളിച്ചും ചിരിച്ചും ആടിയും പാടിയും ഉല്ലസിച്ച് കുരുന്നുകൾ. നോക്കൗട്ട് ഗെയിം, സാഹചര്യങ്ങൾക്കനുസരിച്ച് അഭിനയിക്കേണ്ട സിറ്റുവേഷൻ ഗെയിം, പരസ്‌പരം തിരിഞ്ഞ് നിന്ന് കൈകോർത്തുപിടിക്കുകയും ചങ്ങല പൊട്ടിക്കുകയും ചെയ്യുന്ന ചെയിൻ ഗെയിം, ഓലപ്പന്തും ഓട്ടുകഷ്‌ണങ്ങളും ഉപയോഗിച്ചുള്ള ഡപ്പ കളി, ദൂരെനിന്നും പന്തെറിഞ്ഞ് കല്ലുകൾ വീഴ്‌ത്തുന്ന ട്രങ്ക് കളി, കൈയിലൊളിപ്പിച്ച മോതിരം കണ്ടെത്തുന്ന മോതിരം കളി, കുളം കര, പസിൽ തുടങ്ങിയ കളികളും കലാപരിപാടികളും സ്‌കിറ്റുകളും ഒക്കെയായി കുട്ടികൾ ഹാപ്പിനസ് ഫെസ്‌റ്റ് ആഘോഷമാക്കി. മത്സരങ്ങളില്ലാതെ പഴയകാല കളികൾ ഉൾപ്പെടെ ഒന്നിച്ചിരുന്ന് കളിക്കാൻ പറ്റുന്ന കളികളാണ് സംഘാടകർ ഒരുക്കിയിരുന്നത്. വി എസ് അച്യുതാനന്ദന്റെ ജീവിതവും സമര ചരിത്രവും പറയുന്ന ചാർട്ടുകളും പത്ര കട്ടിങുകളും നിറഞ്ഞ വി എസ് കോർണർ, ഇ കെ നായനാർ കോർണർ, ചിത്രരചന കഴിവുകൾ പ്രോത്സാഹിപ്പിക്കാനായി ഒരുക്കിയ ക്ലിന്റ് കോർണർ എന്നിവ ശ്രദ്ധേയമായി. ബാലസംഘം നേതൃത്വത്തിൽ ജില്ലയിൽ 15 ഏരിയ കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്‌ച ഹാപ്പിനെസ് ഫെസ്‌റ്റ് സംഘടിപ്പിച്ചത്. ആദ്യ ദിവസം സഹവാസ നേതൃത്വ ക്യാമ്പായിരുന്നു. അവസാന ദിവസം ഉച്ചവരെ ക്യാമ്പും ഉച്ചയ്ക്ക് ശേഷം ഫെസ്‌റ്റും നടത്തി. നായനാർ അനുസ്‌മരണവും ഉണ്ടായിരുന്നു. നായനാരുടെ ചിത്രത്തിന് മുന്നിൽ പുഷ്‌പാർച്ചന നടത്തി. റാലിയും എസ്‌എസ്‌എൽസി വിജയിച്ച കുട്ടികളെ അനുമോദിക്കലും നടന്നു. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി രൂപംകൊണ്ട ബാലസംഘം ഏറ്റവുമധികം അംഗങ്ങളുള്ള കുട്ടികളുടെ സംഘടനയാണ്. ബാലസംഘത്തിന്റെ നേതൃനിരയെ പരിശീലിപ്പിക്കാനാണ് ലീഡേഴ്‌സ് സമ്മർ ക്യാമ്പ്. ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളും ബദൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളും കുട്ടികളുടെ സംഘടനാ പ്രവർത്തനത്തോടുള്ള സമീപനവും എന്തായിരിക്കണമെന്ന് ക്യാമ്പ് ചർച്ച ചെയ്‌തു. ആയിരത്തിൽപരം കുട്ടികളാണ് ജില്ലയിൽ ക്യാമ്പിലും ഹാപ്പിനെസ് ഫെസ്‌റ്റിലും പങ്കെടുത്തത്.











0 comments