കുടിവെള്ളക്ഷാമം പരിഹാരത്തിന് ഹെൽപ്പ്‌ഡെസ്‌ക്

മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ വിളിച്ചുചേർത്ത യോഗത്തിൽ യു പ്രതിഭ എംഎൽഎ സംസാരിക്കുന്നു
കായംകുളം
മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ജനപ്രതിനിധികൾ, ജല അതോറിറ്റി, ദേശീയപാത അതോറിറ്റി, തദ്ദേശസ്വയംഭരണവകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ അടിയന്തരയോഗം യു പ്രതിഭ എംഎൽഎ അധ്യക്ഷയായി ചേർന്നു. ദേശീയപാത നിർമാണം കാരണം പൈപ്പ് ലൈനുകൾ തകരാറിലാകുന്നതിനാൽ പല പഞ്ചായത്തുകളിലും നഗരസഭാ പ്രദേശങ്ങളിലും കുടിവെള്ളവിതരണം തടസപ്പെടുന്നത് ഒഴിവാക്കാൻ ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകി. ദേശീയപാതയ്‌ക്ക് കുറുകെ കുടിവെള്ള പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ 500 മീറ്റർ ഇടവിട്ട് ഡക്‌ടുകൾ സ്ഥാപിക്കണം. കുന്നത്താലുംമൂട് ഭാഗത്തെ പമ്പിങ് മെയിനിലെ ലീക്ക് ഉടൻ പരിഹരിക്കും. ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വാട്ടർ അതോറിറ്റിയുമായി ചേർന്ന് ടാങ്കറുകളിൽ കുടിവെള്ളവിതരണം നടത്തും. നിലവിൽ വാർഷിക അറ്റകുറ്റപ്പണിക്ക് കരാറുകാർ ഇല്ലാത്ത പ്രദേശങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താൻ ജല അതോറിറ്റി നേരിട്ടുനടത്തുന്ന ബ്ലൂ ബ്രിഗേഡ് സംവിധാനം ഉപയോഗിക്കും. കണ്ടല്ലൂർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലകളിൽ കുടിവെള്ളക്ഷാമം പരിഹരിക്കും. പൊതുജനങ്ങളുടെ പരാതി കേൾക്കാൻ ജല അതോറിറ്റിയുടെ കായംകുളം ഡിവിഷൻ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌ക് രൂപീകരിക്കും. നഗരസഭാ ചെയർമാൻ ശരത് ലാൽ ബല്ലാരി, ബ്ലോക്ക്, പഞ്ചായത്ത്, പ്രസിഡന്റുമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, കേരള ജല അതോറിറ്റി ആലപ്പുഴ സൂപ്രണ്ടിങ് എൻജിനിയർ എം ഹരികൃഷ്‌ണൻ, എക്‌സിക്യൂട്ടീവ് എൻജിനിയർ മുഹമ്മദ് റാഷിദ്, പ്രോജക്‌ട് മാനേജർ എസ് സുനിൽ തുടങ്ങിയവർ പങ്കെടുത്തു.










0 comments