ഇറിഡിയം തട്ടിപ്പിന് ഇരയായവരിൽ ജീവനക്കാരും

സ്വന്തം ലേഖകൻ
ആലപ്പുഴ
ഇറിഡിയം വിൽപ്പനയിലൂടെ കോടികൾ വാഗ്‌ദാനംചെയ്‌ത് നടത്തിയ തട്ടിപ്പിൽ പണം നഷ്‌ടമായവരിൽ സർക്കാർ ജീവനക്കാരും ജനപ്രതിനിധികളും. ജില്ലാ പൊലീസ് മേധാവിയുടെ നർദേശപ്രകാരം പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. ഇങ്ങനെ പണംനൽകുന്ന ഉന്നതരെയും ഉദ്യോഗസ്ഥരെയും സ്വാധീനിച്ചും വിശ്വസിപ്പിച്ചും അവരുടെ പരിചയക്കാരെയും ബന്ധുക്കളെയും മറ്റ് ഇടപാടുകാരെയും തട്ടിപ്പിനിരയാക്കുന്നതായിരുന്നു കേരളത്തിലെ പ്രധാന സൂത്രധാരനായ വീയപുരം സ്വദേശിയായ സജി ഒൗസേഫിന്റെ രീതി. മലയോരമേഖലയിലെ ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥനിൽനിന്ന് 25 ലക്ഷം സംഘം തട്ടിയെടുത്തതായാണ് വിവരം. സംഘം വിളിച്ചുചേർത്ത നിരവധി യോഗങ്ങളിലും ഇയാൾ പങ്കെടുത്തിരുന്നതായും തട്ടിപ്പിനിരയായവർ വെളിപ്പെടുത്തുന്നു. കോടികൾ വാഗ്ദാനം നൽകിയെങ്കിലും ഇതുവരെ മുടക്കിയ പണം പോലും തിരിച്ചുകിട്ടിയിട്ടില്ല. വനിത എസ്ഐയുടെ ബാങ്ക് ഉദ്യോഗസ്ഥനായ ഭർത്താവിൽനിന്ന് തട്ടിപ്പുകാർ പത്തുലക്ഷം രൂപ വാങ്ങിയെടുത്തു. ഇടുക്കിയിലെ ഒരു പഞ്ചായത്ത് പ്രസിഡന്റാണ് പണം നഷ്‌ടമായതിൽ പ്രധാനി. സ്വന്തംപേരിലും ഭാര്യയുടെ പേരിലും അക്കൗണ്ടെടുത്ത് 39 ലക്ഷം നൽകിയ ഇദ്ദേഹത്തിന് രണ്ട് അക്കൗണ്ടുകളിലും പത്തുകോടി രൂപവീതം ലഭിക്കുമെന്നായിരുന്നു ഉറപ്പുലഭിച്ചത്. കൊട്ടാരക്കര, കോട്ടയം, കൊച്ചി എന്നിവിടങ്ങളിൽ വിമുക്തഭടന്മാരുടെ 20 ലക്ഷം രൂപവീതം തട്ടിപ്പുസംഘം കൈവശപ്പെടുത്തിയിട്ടുണ്ട്.










0 comments