പാഴ്‌മുളന്തണ്ടിൽ പാട്ടിന്റെ പാലാഴി
പാതിരാമണലിൽ ആംഫി തിയറ്റർ നിർമാണം ഇന്ന് തുടങ്ങും

ആംഫി തിയറ്റർ ഒരുക്കങ്ങൾക്കായി മന്ത്രി കെ ബി ഗണേഷ‍്കുമാർ പാതിരാമണൽ ദ്വീപ് സന്ദർശിച്ചപ്പോൾ (ഫയൽ ചിത്രം)
കെ എസ് ലാലിച്ചൻ
Published on Nov 04, 2025, 01:01 AM | 2 min read
മുഹമ്മ
പരിസ്ഥിതി സൗഹൃദവസ്തുക്കൾ ഉപയോഗിച്ച് സംസ്ഥാനത്തെ ആദ്യത്തെ ആംഫി തിയറ്റർ പാതിരാമണൽ ദ്വീപിൽ ഒരുക്കുന്നു. നിർമാണത്തിന് ചൊവ്വാഴ്ച തുടക്കമാകും. എറണാകുളം സി എസ് എം എൽ ഓഫീസിൽ മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും. മന്ത്രി പി പ്രസാദ് അധ്യക്ഷനാകും. പുല്ലും മുളയുംകൊണ്ട് ആംഫി തിയറ്റർ പൂർത്തിയാക്കും. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സ്‌പോൺസർഷിപ്പോടെയാണിത്. ജലഗതാഗത വകുപ്പിന്റെ പുതിയ ടൂറിസം പദ്ധതിയായ കുട്ടനാട് സഫാരിയുടെ ഭാഗമായാണ് ആംഫി തിയറ്ററിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും നിർമാണം. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ആശയം മുഹമ്മ പഞ്ചായത്തുമായി ചേർന്നാണ് നടപ്പാക്കുക. ജൂലൈ ആദ്യം പാതിരാമണൽ സന്ദർശിച്ചാണ് മന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. നാലുമാസം പിന്നിടുമ്പോൾ നിർമാണം തുടങ്ങാനായി.
കുട്ടനാടൻ സഫാരിക്ക് അറേബ്യൻ മാതൃക
ഗൾഫ് രാജ്യങ്ങളിൽ വിനോദ സഞ്ചാരമേഖലയിൽ കുതിപ്പുണ്ടാക്കിയ അറേബ്യൻ ഡെസേർട്ട് സഫാരി മാതൃകയിലാണ് ആലപ്പുഴയിൽ കുട്ടനാടൻ ബോട്ട് സഫാരി വരുന്നത്. ദ്വീപിൽ സഞ്ചാരികൾക്കായി വിവിധ കലാപരിപാടികളും പ്രദർശനങ്ങളും ഉൾപ്പെടുത്തും. ജലഗതാഗതവകുപ്പിന്റെ പുതിയ ‘സൗര-1’ സൗരോർജ യാത്രാബോട്ടാണ് പദ്ധതിക്കായി ഉപയോഗിക്കുക. ഒരേസമയം 30 പേർക്ക് സഞ്ചരിക്കാം. കെഎസ്ആർടിസിയുമായി ബന്ധിപ്പിച്ച് പാക്കേജ് ടൂറിസവും ലക്ഷ്യമിട്ടിട്ടുണ്ട്. ദിവസവും രാവിലെ 10-ന് ആലപ്പുഴ ബോട്ടുജെട്ടിയിൽനിന്ന് ആരംഭിക്കും. വൈകിട്ട് അഞ്ചോടെ മടങ്ങിയെത്തും. ബോട്ട് സഫാരിയിൽ കുട്ടനാടിന്റെ പ്രത്യേകതകൾ വീഡിയോയിലൂടെ അവതരിപ്പിക്കും. നെഹ്റുട്രോഫി പവിലിയന് സമീപം അഴീക്കൽ കനാലിലൂടെയാകും സഞ്ചാരം. തനി നാടൻ കടകളിൽ പ്രഭാതഭക്ഷണം ഒരുക്കും. ഓലമെടയുന്നതും കയർ പിരിക്കുന്നതും കാണാം, പരീക്ഷിക്കാം. ചിത്രകാരൻമാർ തത്സമയം സഞ്ചാരികളുടെ ചിത്രങ്ങളും വരച്ചുനൽകും. വിവിധ കരകൗശലവസ്‌തുക്കൾ വാങ്ങാം. സി ബ്ലോക്കിലെത്തുമ്പോൾ സഞ്ചാരികൾക്ക് ചുണ്ടൻവള്ളത്തെ അടുത്തറിയാം.
പരമ്പരാഗത കലാരൂപങ്ങൾ പ്രദർശിപ്പിക്കും
ഉച്ചഭക്ഷണം ആർ ബ്ലോക്കിലേക്കുള്ള യാത്രയിൽ കള്ളുഷാപ്പിലാകും. ശേഷം പാതിരാമണലിലേക്ക് പോകും. വേലകളി, കുത്തിയോട്ടം, വില്ലടിച്ചാംപാട്ട് തുടങ്ങിയവയുടെ ചരിത്രവും പാരമ്പര്യവുമെല്ലാം അടുത്തറിയാം. പാതിരാമണലിലെ ആംഫി തിയറ്ററിൽ കളരി, ഗരുഡൻപയറ്റ് തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങൾ പ്രദർശിപ്പിക്കും. മടക്കയാത്രയിൽ കക്ക നീറ്റുന്നത് കാണാം. കേരളത്തിന്റെ പരമ്പരാഗത കലകളെക്കുറിച്ച് ബോട്ടിൽ വിശദീകരിക്കും. ചെറിയ വള്ളങ്ങളിലെ കടകളിൽനിന്ന് സഞ്ചാരികൾക്ക് തനതുവസ്‌തുക്കൾ വാങ്ങാം.










0 comments