വീണ്ടും പക്ഷിപ്പനി

ആലപ്പുഴ
ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. അന്പലപ്പുഴ സൗത്ത്, ചെറുതന, കാർത്തികപ്പള്ളി, പുറക്കാട്, തകഴി, കരുവാറ്റ, പുന്നപ്ര സൗത്ത് പഞ്ചായത്തുകളിലാണ് താറാവുകളിലും കോഴികളിലും രോഗം സ്ഥിരീകരിച്ചതെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃതർ പറഞ്ഞു. കുമാരപുരം പഞ്ചായത്തിലും ഭീഷണിയുണ്ട്. കോട്ടയം ജില്ലയിലും രോഗബാധ കണ്ടെത്തി. നിരവധി വർഷങ്ങളായി ആലപ്പുഴ ജില്ലയിൽ ഡിസംബർ, ജനുവരി മാസങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചെറുതന പാണ്ടിയിലാണ് പക്ഷിപ്പനിയുടെ ലക്ഷണങ്ങളോടെ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. തുടർന്ന്, തിരുവല്ല മഞ്ഞാടിയിലെ ലബോറട്ടറിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ പക്ഷിപ്പനിയാണെന്ന് സൂചന ലഭിച്ചു. ഇതിനുശേഷം സാന്പിളുകൾ ഭോപ്പാലിൽ അയച്ചു പരിശോധിച്ചപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. ചൊവ്വ രാവിലെയാണ് പരിശോധനാ-ഫലം വന്നത്. ജില്ലയിൽ ഇതുവരെ 20,000 ലേറെ താറാവുകളും കോഴികളും ചത്തു. ഇറച്ചിക്കോഴികളിൽ ഇതുവരെ പ്രശ്‌നമൊന്നും കണ്ടെത്തിയിട്ടില്ല. ദേശാടനപ്പക്ഷികളിൽനിന്നാണ് രോഗബാധയുണ്ടാകുന്നതെന്നാണ് നിഗമനം. ഇതേപ്പറ്റി കൂടുതൽ പരിശോധനകൾ നടക്കുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾക്കുണ്ടായ ആശങ്ക അകറ്റാൻ സർക്കാർ തയ്യാറാകണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് കെ നസീർ പറഞ്ഞു.









0 comments