ചാല സ്വർണക്കവർച്ച: നാലു പവൻകൂടി കണ്ടെത്തി; ഇതുവരെ വീണ്ടെടുത്തത് 207 പവൻ

ചാല സ്വർണ മോഷണ കേസിൽ അറസ്റ്റിലായ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തുന്നു
തിരുവനന്തപുരം: ചാലയിലെ സ്വർണക്കവർച്ച കേസിലെ മോഷണംപോയ നാലുപവൻ കൂടി കണ്ടെത്തി. ബുധൻ വൈകിട്ട് നടന്ന തെളിവെടുപ്പിൽ പ്രതി വിനോദ് ആന്റണിയാണ് തന്റെ വീടിനുപിന്നിൽ ഒളിപ്പിച്ചിരുന്ന സ്വർണം കാണിച്ചുകൊടുത്തത്. ഇതോടെ, ആകെ മോഷണംപോയ 250 പവൻ സ്വർണത്തിൽ 207 പവൻ വീണ്ടെടുത്തു.
വെള്ളായണിയിലെ ഒഴിഞ്ഞ പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ 142 പവൻ കണ്ടെത്തിയിരുന്നു. വയനാട്ടിൽനിന്ന് പ്രതികളെ പിടികൂടുമ്പോൾ അവർ സഞ്ചരിച്ച വാഹനത്തിൽനിന്ന് 61 പവനും പിടിച്ചെടുത്തിരുന്നു. നഷ്ടപ്പെട്ട സ്വർണം ഏകദേശം മുഴവുൻ തിരികെ ലഭിച്ചുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. എങ്കിലും പരാതിയിൽ ഉന്നയിച്ചതിൽ ശേഷിക്കുന്ന സ്വർണംകൂടി കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.
കേസിലെ മുഖ്യസൂത്രധാരൻ മാളവിക ജൂവലറി ഉടമ ജയറാമാണെന്ന് മറ്റു പ്രതികൾ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജയറാമിനെതിരെ രണ്ട് സാമ്പത്തിക തട്ടിപ്പുകേസുകൾകൂടി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്വർണം വാങ്ങിയശേഷം പണം നൽകാതെ വണ്ടിച്ചെക്ക് നൽകിയതിനാണ് ഈ കേസുകൾ. പരമാവധി തെളിവുകൾ ശേഖരിച്ചശേഷം കവർച്ചാകേസിലും അറസ്റ്റ് ചെയ്യാനാണ് നീക്കം. അറസ്റ്റിലായ അനിൽ പ്രസാദ് (ഷാഡോ അനിൽ), അനൂപ് രാജ്, വിനോദ് ആന്റണി, ശ്രാവൺ, അമുൽ, ദിലീപ് എന്നിവരെ സംഭവസ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. വൈഷ്ണവി ജ്വല്ലറിയിലും കവർച്ച നടന്ന മരക്കട റോഡിലുമാണ് പ്രതികളെ എത്തിച്ചത്.








0 comments