ad
Deshabhimani

പാതിരാമണലിൽ ആംഫി തിയറ്റർ ഒരുങ്ങി

പാതിരാമണൽ ദ്വീപിൽ ആംഫി തിയറ്റർ നിർമാണം പുരോഗമിക്കുന്നു

പാതിരാമണൽ ദ്വീപിൽ ആംഫി തിയറ്റർ നിർമാണം പുരോഗമിക്കുന്നു

avatar
കെ എസ്‌ ലാലിച്ചൻ

Published on Feb 19, 2026, 12:49 AM | 1 min read

മുഹമ്മ
ലോക വിനോദസഞ്ചാര ഭൂപടത്തിൽ ഇടംനേടിയ പാതിരാമണൽ ദ്വീപിൽ പരിസ്ഥിതിസൗഹൃദ വസ്‌തുക്കൾ ഉപയോഗിച്ച്‌ സംസ്ഥാനത്ത് ആദ്യത്തെ ആംഫി തിയറ്റർ ഒരുങ്ങി. ജലഗതാഗതവകുപ്പിന്റെ പുതിയ ടൂറിസം പദ്ധതിയായ ‘കുട്ടനാട് സഫാരി'യുടെ ഭാഗമായാണ് ആംഫി തിയറ്ററും അനുബന്ധസൗകര്യങ്ങളും. മുഹമ്മ പഞ്ചായത്തുമായി ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെതാണ് ആശയം. ജൂലൈയിൽ മന്ത്രി പാതിരാമണൽ സന്ദർശിച്ചാണ് പദ്ധതി പ്രഖ്യാപിച്ചത്. ​ ഗൾഫ്‌ രാജ്യങ്ങളിലെ അറേബ്യൻ ഡെസേർട്ട്‌ സഫാരി മാതൃകയിലാണ് കുട്ടനാടൻ ബോട്ട്‌ സഫാരി തുടങ്ങുന്നത്. ദ്വീപിൽ സഞ്ചാരികൾക്കായി കലാപരിപാടികളും പ്രദർശനങ്ങളും ഉൾപ്പെടുത്തും. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സഹായത്തോടെ പുല്ലും മുളയും കൊണ്ടാണ് ആംഫി തിയറ്റർ പൂർത്തിയാക്കിയത്. മുഹമ്മ പഞ്ചായത്ത്‌ സൗരോർജ വിളക്ക് ദ്വീപിൽ സ്ഥാപിച്ചതിനാൽ പാതിരാവിലും പാതിരാമണൽ തിളങ്ങും. ​ ജലഗതാഗതവകുപ്പിന്റെ പുതിയ ‘സൗര- 1’ സൗരോർജ യാത്രാബോട്ടാണ് കുട്ടനാടൻ സവാരിക്കായി ഉപയോഗിക്കുക. ഒരേസമയം 30 പേർക്ക് സഞ്ചരിക്കാനാകും. കെഎസ്ആർടിസിയുമായി ബന്ധിപ്പിച്ച് പാക്കേജ് ടൂറിസവും ലക്ഷ്യമിട്ടിട്ടുണ്ട്. രാവിലെ 10-ന് ആലപ്പുഴ ബോട്ടുജെട്ടിയിൽനിന്ന്‌ ആരംഭിച്ച്‌ വൈകിട്ട് അഞ്ചോടെ മടങ്ങിയെത്തും. കുട്ടനാടിന്റെ പ്രത്യേകതകൾ വീഡിയോയിലൂടെ അവതരിപ്പിക്കും.


കക്ക നീറ്റുന്നതും കയർ 
പിരിക്കുന്നതും കാണാം
നെഹ്റുട്രോഫി പവിലിയന് സമീപത്തുകൂടെ അഴീക്കൽ കനാലിലൂടെയാകും സഞ്ചാരം. തനിനാടൻ കടകളിൽ പ്രഭാതഭക്ഷണം ഒരുക്കും. ഓല മെടയുന്നതും കയർ പിരിക്കുന്നതും കാണാം, പരീക്ഷിക്കാം. ചിത്രകാരൻമാർ തത്സമയം സഞ്ചാരികളുടെ ചിത്രങ്ങളും വരച്ചുനൽകും. കരകൗശലവസ്‌തുക്കൾ വാങ്ങാം. ​ സി ബ്ലോക്കിൽ ചുണ്ടൻവള്ളത്തെ അടുത്തറിയാം. ആർ ബ്ലോക്കിലേക്കുള്ള യാത്രയിൽ കള്ളുഷാപ്പിലാകും ഉച്ചഭക്ഷണം. ശേഷം പാതിരാമണലിലേക്ക്. വേലകളി, കുത്തിയോട്ടം, വില്ലടിച്ചാംപാട്ട് തുടങ്ങിയവയുടെ ചരിത്രവും പാരമ്പര്യവുമെല്ലാം അടുത്തറിയാം. പാതിരാമണലിലെ ആംഫി തിയറ്ററിൽ കളരി, ഗരുഡൻപയറ്റ് തുടങ്ങിയവ പ്രദർശിപ്പിക്കും. കുടുംബശ്രീ കഫേയിൽ ലഘുഭക്ഷണവും ലഭിക്കും. ആലപ്പുഴയിലേക്ക്‌ മടക്കയാത്രയിൽ കക്ക നീറ്റുന്നത് കാണാം. അതിനിടെ ചെറിയ വള്ളങ്ങളിലെ കടകളിൽനിന്ന് സഞ്ചാരികൾക്ക് ആവശ്യമായ തനതുവസ്‌തുക്കൾ വാങ്ങാം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home