അഭയം ആത്മവിശ്വാസമേകി, ശിവഗംഗ പരീക്ഷയെഴുതിത്തുടങ്ങി

അഭയം കോ-‑ഓർഡിനേറ്റർ ലിജോ വർഗീസിന്റെ നേതൃത്വത്തിൽ ശിവഗംഗയെ ആംബുലൻസിൽനിന്ന് പരീക്ഷയെഴുതാന്‍ പുറത്തേക്ക് ഇറക്കുന്നു
മാവേലിക്കര
ചെറുപ്പത്തിലെ കൂടെക്കൂടിയ ഗുരുതര രോഗത്താൽ വലയുന്ന ശിവഗംഗ അഭയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ കരുതലിൽ പത്താം ക്ലാസ് പരീക്ഷ എഴുതിത്തുടങ്ങി. തെക്കേക്കര മുള്ളിക്കുളങ്ങര പ്രണവ് നിവാസിൽ സനിൽ കുമാറിന്റെയും വിനീതയുടെയും മകൾ ശിവഗംഗയ്ക്ക് ഹൃദയ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ചെറുപ്പത്തിലെ തുടങ്ങിയതാണ്. നിരവധി ചികിത്സകൾ നടത്തിയെങ്കിലും ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കാതെ ജീവൻ നിലനിർത്താനാവില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. ഭീമമായ തുക കണ്ടെത്താൻ ശിവഗംഗയുടെ കുടുംബത്തിന് കഴിയാതെ വന്നപ്പോൾ തെക്കേക്കര പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് സാമ്പത്തികം കണ്ടെത്തി. ദാതാവിനെ കിട്ടുന്ന മുറയ്ക്ക് അവയവങ്ങൾ മാറ്റിവയ്ക്കും. പത്താം ക്ലാസിന്റെ തുടക്കത്തിൽ ഒരുമാസം സ്കൂളിൽ പോയെങ്കിലും ശ്വാസംമുട്ടൽ കലശലായതിനെ തുടർന്ന് സ്കൂൾ യാത്ര മുടങ്ങി. ഓക്സിജൻ കോൺസൺട്രേറ്ററിന്റെ സഹായത്താൽ വീട്ടിൽ തന്നെ കഴിയുകയാണ്. പരീക്ഷ എങ്ങനെ എഴുതുമെന്ന ആശങ്കയിൽ കഴിയുമ്പോഴാണ് അഭയം കോ ഓർഡിനേറ്റർ ലിജോ വർഗീസ് ഇടപെട്ടത്. പരീക്ഷകൾ അഭയത്തിന്റെ ആംബുലൻസിൽ കൊണ്ടുപോയി എഴുതിച്ച് തിരികെ എത്തിക്കും. വ്യാഴാഴ്ച ലിജോ വർഗീസ്, അഭയത്തിന്റെ തെക്കേക്കര പടിഞ്ഞാറ് ചെയർമാൻ പ്രൊഫ. ടി എം സുകുമാര ബാബു, മനോജ് സുഭാഷ്, അഭിലാഷ്, പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ ആംബുലൻസിൽ മാവേലിക്കര ബിഷപ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ച് പരീക്ഷയ്ക്ക് ശേഷം തിരികെ വീട്ടിലെത്തിച്ചു. ഓക്സിജന്റെ സഹായത്തോടെയാണ് കൊണ്ടുപോയതും വന്നതും. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മധുസൂദനന്റെ നിർദേശപ്രകാരമാണ് അഭയം ശിവഗംഗയെ പരീക്ഷയെഴുതിക്കാൻ തീരുമാനിച്ചത്.










0 comments