പൊരുതിക്കയറിയ തൊഴിലാളി ചരിത്രം


ഫെബിൻ ജോഷി
Published on Mar 10, 2026, 12:59 AM | 2 min read
തിരുവിതാംകൂറിൽ തൊഴിലാളി സംഘടിച്ചു തുടങ്ങുമ്പോൾ അതിന്റെ ആസ്ഥാനമായിരുന്നു ആലപ്പുഴ തുറമുഖനഗരവും കയർ ഫാക്ടറി തൊഴിൽ മേഖലയും. കാർഷിക, തീരമേഖലകളിലേക്ക് പടർന്ന വർഗ രാഷ്ട്രീയമാണ് ജനാധിപത്യത്തിലേക്ക് ആലപ്പുഴയെ രൂപപ്പെടുത്തിയത്. ആദ്യ തെരഞ്ഞെടുപ്പിൽ ഐക്യകേരളത്തിന് വ്യവസായമന്ത്രിയെ നൽകി ആലപ്പുഴ. ടി വി തോമസാണ് ജയിച്ച് മന്ത്രിയായത്. കോണ്‍ഗ്രസിലെ നഫീസത്ത് ബീവിയായിരുന്നു എതിരാളി. അടുത്ത തെരഞ്ഞെടുപ്പിൽ ടി വിക്ക് കാലിടറി. 1960-ൽ നഫീസത്ത് ബീവി നിയമസഭയിലെത്തി. 65-ലും ടി വി തോറ്റു. കോണ്‍ഗ്രസിലെ ജി ചിദംബര അയ്യര്‍ക്കായിരുന്നു ജയം. എന്നാൽ ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ നിയമസഭ ചേർന്നില്ല. 67-ല്‍ ടി വി തോമസിനെ ആലപ്പുഴ വീണ്ടും സഭയിലെത്തിച്ചു. 1970-ൽ കോൺഗ്രസിനൊപ്പം മത്സരിച്ചും ടി വി തലസ്ഥാനത്തെത്തി. സിപിഐ എമ്മിലെ എന്‍ സ്വയംവരന്‍ നായരായിരുന്നു എതിരാളി. ടി വിയുടെ നിര്യാണത്തെ തുടര്‍ന്ന് സിപിഐ സ്ഥാനാര്‍ഥിയായി പി കെ വാസുദേവൻ നായരെത്തി. 1977-ല്‍ ജനതാ പാര്‍ട്ടിയുടെ ജോസഫ് മാത്തനാണ് തോറ്റത്. 80-ല്‍ എന്‍എസ്എസിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ എന്‍ഡിപിയിലെ കെ പി രാമചന്ദ്രന്‍ നായരെ തോല്‍പ്പിച്ച് പികെവി രണ്ടാം ജയം നേടി. 1982-ല്‍ എന്‍ഡിപി ആലപ്പുഴ പിടിച്ചെടുത്തു. കെ പി രാമചന്ദ്രന്‍ നായരാണ് പികെവിയെ തോൽപ്പിച്ചത്. 1987-ല്‍ സിപിഐയുടെ റോസമ്മ പുന്നൂസ് വിജയിച്ചു. മണ്ഡലം ഇടതുപക്ഷം തിരിച്ചുപിടിച്ചു. 1991-ല്‍ വീണ്ടും കെ പി രാമചന്ദ്രന്‍ നായർ വിജയിച്ചു. കെ സി വേണുഗോപാൽ 1996-മുതല്‍ 2006-വരെ തുടര്‍ച്ചയായി മൂന്നുവിജയം നേടി. 2006–ൽ വേണുഗോപാൽ സിപിഐയുടെ ടി ജെ ആഞ്ചലോസിനെ 16,933 വോട്ടുകൾക്കാണ് മറികടന്നത്. കെ സി വേണുഗോപാൽ 49,721. ടി ജെ ആഞ്ചലോസ് - 32,788. ബിജെപിയുടെ പാറയിൽ രാധാകൃഷ്ണൻ- 1,118. കെ സി വേണുഗോപാൽ ലോക്‌സഭയിലെത്തിയതോടെ 2009ലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ എ എ ഷുക്കൂർ ജയിച്ചു. നഗരസഭാ വാര്‍ഡുകള്‍ മാത്രം ഉള്‍പ്പെട്ടതായിരുന്നു ആലപ്പുഴ. 2011-ൽ മാരാരിക്കുളം മണ്ഡലത്തിന്റെ ഭാഗങ്ങള്‍ ആലപ്പുഴയോട് ചേർത്ത് മണ്ഡലം പുനക്രമീകരിച്ചു. 2011–ലും 2016–ലും കോൺഗ്രസിനെ തകർത്ത് മുതിർന്ന സിപിഐ എം നേതാവ് ഡോ. ടി എം തോമസ് ഐസക് നിയമസഭയിലെത്തി. 2011–ൽ കോൺഗ്രസിലെ പി ജെ മാത്യുവിനെ 16,342 വോട്ടിനാണ് തോൽപ്പിച്ചത്. 2016–ൽ 31,032 വോട്ടായിരുന്നു തോമസ് ഐസക്കിന്റെ ഭൂരിപക്ഷം. യുഡിഎഫിന്റെ ലാലി വിൻസെന്റിനെയും എൻഡിഎയുടെ രഞ്ജിത് ശ്രീനിവാസിനെയുമാണ് തോൽപ്പിച്ചത്. നിലവിൽ സിപിഐ എമ്മിലെ പി പി ചിത്തരഞ്ജനാണ് ആലപ്പുഴയുടെ ജനപ്രതിനിധി. 2021–ൽ പി പി ചിത്തരഞ്ജൻ –73,412, ഡോ. കെ എസ് മനോജ് (കോൺഗ്രസ്)– 61,768, സന്ദീപ് വാചസ്‌പതി (ബിജെപി)– 21,650 എന്നിങ്ങനെയാണ് വോട്ടുനില. ആലപ്പുഴ നഗരസഭയിലെ 26 വാര്‍ഡുകളും ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക് പഞ്ചായത്തുകളും ചേർന്നതാണ് ആലപ്പുഴ മണ്ഡലം. നാലു പഞ്ചായത്തിലും എല്‍ഡിഎഫാണ് വിജയിച്ചത്. ആലപ്പുഴ നഗരസഭയിൽ സ്വതന്ത്രന്റെ പിന്തുണയിലാണ് യുഡിഎഫ് ഭരണം പിടിച്ചത്. ടൂറിസം മാപ്പിൽ രാജ്യത്തെതന്നെ പ്രധാന കേന്ദ്രമായ ആലപ്പുഴ ഇന്ന് വികസനത്തിന്റെ നല്ലനാളുകളിലാണ് . പട്ടണത്തിന്റെ ഇടനെഞ്ചിൽ ജില്ലാ കോടതിപ്പാലം നിർമാണം പുരോഗമിക്കുന്നു. കെഎസ്ആർടിസിക്ക് മൊബൈലിറ്റി ഹബ്. നെഹ്‌റുട്രോഫിയ്ക്ക് സ്ഥിരം പവലിയൻ. നെഹ്‌റുട്രോഫി വാർഡുമായി ബന്ധിപ്പിക്കുന്ന പാലം, നാൽപ്പാലമടക്കം മറ്റു പാലങ്ങൾ. ആലപ്പുഴയുടെ പ്രതാപം വീണ്ടെടുക്കുന്ന കടൽപ്പാലം പദ്ധതി. മികച്ച സ്കൂൾകെട്ടിടങ്ങൾ, ശുചിത്വ മാതൃകകൾ അങ്ങനെ നിരവധി നേട്ടങ്ങൾ.(ഹരിപ്പാട് നിയമസഭ തെരഞ്ഞെടുപ്പിൽ 2001ൽ സിപിഐ എമ്മിലെ ടി കെ ദേവകുമാറും 2006ൽ കോൺഗ്രസിലെ ബാബു പ്രസാദുമാണ് വിജയിച്ചത്. തിങ്കളാഴ്‌ച പ്രസിദ്ധീകരിച്ച വാർത്തയിലെ പട്ടികയിൽ പിശക് വന്നതിൽ ഖേദിക്കുന്നു)










0 comments