പുഞ്ചത്തോട്ടിൽ ‘മാലിന്യമല’

പുഞ്ചതോട്ടിൽ പ്ലാസ്‌റ്റിക്, അറവ് മാലിന്യം ഉൾപ്പെടെ വന്നടിഞ്ഞപ്പോൾ
കൊച്ചി
തെളിഞ്ഞൊഴുകിയിരുന്ന പുഞ്ചത്തോടിനെ മാലിന്യവാഹിനിയാക്കി കൊച്ചി കോർപറേഷൻ. പ്ലാസ്‌റ്റിക്, അറവുമാലിന്യങ്ങൾ ഉൾപ്പെടെ വൻതോതിൽ അടിഞ്ഞിരിക്കുകയാണ് പൊന്നുരുന്നി ഇൗസ്‌റ്റ് ഡിവിഷനിലെ പുഞ്ചത്തോട്ടിൽ. ഇത് പ്രദേശത്തെ ജനജീവിതംതന്നെ ദുസ്സഹമാക്കിയിരിക്കുകയാണ്. ഇവിടത്തെ അങ്കണവാടിയുടെ പ്രവർത്തനം ഉൾപ്പെടെ പ്രതിസന്ധിയിലായി.
എന്നാൽ, സ്ഥിരംതടയണ ഉൾപ്പെടെ സ്ഥാപിച്ച് തോടിനെ മാലിന്യമുക്തമാക്കാനുള്ള നടപടിയെടുക്കാതെ മുഖംതിരിക്കുകയാണ് യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി.
ഐഷാ റോഡ് ഭാഗത്ത് താൽക്കാലികമായി തടയണ നിർമിച്ചും ഡിവിഷന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലോട്ടിങ് തടയണകൾ ഇട്ടുമാണ് മുൻ എൽഡിഎഫ് ഭരണസമിതി തോടിനെ മാലിന്യമുക്തമാക്കിയത്. സ്ഥിരംതടയണ സ്ഥാപിക്കാനുള്ള ഫയൽ നടപടിക്രമങ്ങളും പൂർത്തിയാക്കിയിരുന്നു. മാലിന്യം ഇവിടെ തള്ളാതിരിക്കാൻ നിരന്തരം ബോധവൽക്കരണം നടത്തി. ഫ്ലോട്ടിങ് തടയണകൾ സാമൂഹ്യവിരുദ്ധർ നശിപ്പിക്കുന്ന സാഹചര്യമുണ്ടായപ്പോൾ ഹൈക്കോടതിതന്നെ വിഷയത്തിൽ ഇടപെട്ടു.
തടയണ പൊട്ടിക്കുന്നത് തടയണമെന്നും മാലിന്യംവന്നടിയാതിരിക്കാൻ സ്ഥിരംതടയണ സ്ഥാപിക്കണമെന്നും നിർദേശിച്ചു.
യുഡിഎഫ് ഭരണസമിതി അധികാരമേറ്റതോടെ ദുരിതം തുടങ്ങി. തമ്മനം ഡിവിഷനിൽനിന്നുള്ള മാലിന്യംതള്ളുന്നത് പതിവായി. ഇവ യഥാസമയം നീക്കാൻ നടപടി സ്വീകരിക്കുന്നില്ല. ഇതിന് പകരം ഐഷാ റോഡ് ഭാഗത്തെ മാലിന്യം കാണാതിരിക്കാൻ പച്ച ഷീറ്റ് വലിച്ചുകെട്ടി. കഴിഞ്ഞദിവസം താൽക്കാലിക തടയണ നഗരസഭ കരാറുകാരൻ പൊട്ടിച്ചുവിട്ടു. ഇതോടെ മാലിന്യമലതന്നെ ഇവിടെ വന്നടിഞ്ഞു. സ്ഥിരംതടയണ ഉടൻ സ്ഥാപിച്ച് പ്രശ്‌നം ശാശ്വതമായി പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. തോട്ടിൽ മാലിന്യംതള്ളുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും ബോധവൽക്കരണവും ജനകീയ ഇടപെടലുകളും വ്യാപിപ്പിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.










0 comments