കൊച്ചിയിൽ പുതിയ മാലിന്യസംസ്കരണ പ്ലാന്റ് ; മന്ത്രി എം ബി രാജേഷ് ഇന്ന് ഉദ്ഘാടനംചെയ്യും

കൊച്ചി
നഗരത്തിലെ മാലിന്യപ്രശ്നത്തിന് ശാസ്ത്രീയമായ പരിഹാരവുമായി പുതിയ മാലിന്യസംസ്കരണ പ്ലാന്റ് പ്രവർത്തനം ആരംഭിക്കുന്നു. കോർപറേഷനിലെ 68–ാം ഡിവിഷനിൽ ജിസിഡിഎയുടെ സ്ഥലത്ത് ആരംഭിക്കുന്ന പ്ലാന്റ് ചൊവ്വ പകൽ രണ്ടിന് തദ്ദേശമന്ത്രി എം ബി രാജേഷ് ഉദ്‌ഘാടനംചെയ്യും. ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള അധ്യക്ഷനാകും.
മറൈൻ ഡ്രൈവിലെ ജിസിഡിഎ ഉടമസ്ഥതയിലുള്ള 19 സെന്റ് സ്ഥലത്ത് ഓർക്ല ഇന്ത്യയും (ഈസ്റ്റേൺ) ഗ്രീൻ വേംസും സംയുക്ത സാമ്പത്തികസഹായം നൽകിയാണ് പ്ലാന്റ് നിർമിച്ചത്. ഒരുകോടി രൂപ ചെലവഴിച്ച് നിർമിച്ച പ്ലാന്റിന്റെ നടത്തിപ്പുചുമതല ഗ്രീൻ വേംസിനാണ്. ജിസിഡിഎയുടെ പ്രധാന കേന്ദ്രങ്ങളിൽനിന്നും കോർപറേഷനിലെ 68–ാം ഡിവിഷനിൽനിന്നും ഹരിതകർമസേന ശേഖരിക്കുന്ന അജൈവമാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണമാണ് ലക്ഷ്യമിടുന്നത്. നവീന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിർമിച്ച കേന്ദ്രത്തിന് പ്രതിവർഷം 1200 മെട്രിക് ടൺ അജൈവ മാലിന്യം സംസ്കരിക്കാൻ ശേഷിയുണ്ട്. അജൈവ മാലിന്യങ്ങളുടെ ശേഖരണവും തരംതിരിവും ഇവിടെ നടക്കും. ഗ്രേഡ് അടിസ്ഥാനത്തിൽ തരംതിരിച്ച മാലിന്യങ്ങൾ കണ്ണൂരിലെ പ്ലാന്റിലെത്തിച്ച് പുനചംക്രമണം നടത്തും. പദ്ധതിയിലൂടെ 10 സ്ത്രീകൾക്ക് തൊഴിൽ ലഭിക്കും.










0 comments