എടത്തലയിൽ മാലിന്യക്കൂമ്പാരവും തെരുവുനായശല്യവും രൂക്ഷം

എടത്തല പഞ്ചായത്തിലെ പൊതുയിടങ്ങളിൽ ചാക്കിൽക്കെട്ടി മാലിന്യം കൂട്ടിയിട്ടിരിക്കുന്നു
ആലുവ
എടത്തല പഞ്ചായത്തിലെ വിവിധ വാർഡുകളിലെ പൊതുയിടങ്ങളിൽ ചാക്കിൽക്കെട്ടി കൂട്ടിയിട്ടിരിക്കുന്ന മാലിന്യം എത്രയുംവേഗം നീക്കം ചെയ്യണമെന്ന് സിപിഐ എം എടത്തല ഈസ്റ്റ് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
മാലിന്യം ചാക്കിൽക്കെട്ടി കൂട്ടിയിട്ട ഇടങ്ങളിൽ തെരുവുനായകൾ കടിച്ചുകീറി റോഡുകളിൽ മാലിന്യം വലിച്ചിടുന്നത് സ്ഥിരംകാഴ്ചയാണ്. മാലിന്യം റോഡിലും പൊതുയിടങ്ങളിലും തള്ളുന്നത് നെരുവുനായശല്യവും വർധിപ്പിച്ചു.
വഴിയാത്രക്കാരായ സ്ത്രീകളെയും കുട്ടികളെയും തെരുവുനായകൾ ആക്രമിക്കുന്നത് പതിവായി. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി ഒരേക്കർ പുറമ്പോക്കുഭൂമി കണ്ടെത്തി മാലിന്യസംസ്‌കരണത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഹരിതകർമസേനാംഗങ്ങളെ എല്ലാ വാർഡുകളിലും കൃത്യമായി നിയോഗിച്ചു. വാർഡുകളിൽനിന്ന് കർശനമായും പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യങ്ങൾ ശേഖരിച്ച് കൃത്യമായി സംസ്കരിച്ചിരുന്നു.
എന്നാൽ, യുഡിഎഫ് അധികാരത്തിലെത്തി ആറുമാസം ആയപ്പോഴേക്കും മാലിന്യനീക്കം താറുമാറായതായും സിപിഐ എം ആരോപിച്ചു. എത്രയുംവേഗം വാർഡുകളിൽനിന്ന് മാലിന്യം നീക്കംചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് സിപിഐ എം ആലുവ ഏരിയ കമ്മിറ്റി അംഗം ടി ആർ അജിത്, എടത്തല ഈസ്റ്റ് ലോക്കൽ സെക്രട്ടറി എം എം കിള്ളർ എന്നിവർ പറഞ്ഞു.










0 comments