കനാലിൽ മാലിന്യം തള്ളുന്നത് പതിവായി

പെരുമ്പാവൂർ
കനാലുകളിൽ വെള്ളം തുറന്നുവിട്ടതോടെ മാലിന്യം ഒഴുക്കുന്നത് ദുരിതമാകുന്നു. നാപ്കിൻ, ഭക്ഷണമാലിന്യം, മാംസാവശിഷ്ടങ്ങൾ, പ്ലാസ്‌റ്റിക് കുപ്പികൾ ഉൾപ്പെടെയാണ് കനാലിൽ തള്ളുന്നത്. കഴിഞ്ഞ ആഴ്ച കനാൽ വെള്ളം തുറന്നുവിട്ടപ്പോൾ പല ഷട്ടറുകളിലും മാലിന്യം അടിഞ്ഞ് വെള്ളം റോഡിലൂടെ ഒഴുകി. കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റിന്റെ ആറാംവാർഡിൽ ഉപയോഗിച്ച നാപ്കിനുകളും ഡയപ്പറുകളും പ്ലാസ്റ്റിക് കവറിലാക്കി കനാലിൽ തള്ളിയത് പ്രതിഷേധത്തിനിടയാക്കി.
പഞ്ചായത്തിൽ കുറിച്ചിലക്കോട് മയൂരപുരത്ത് ഡയപ്പർ, നാപ്കിൻ സംസ്‌കരണ യൂണിറ്റ് തുടങ്ങിയെങ്കിലും കലക്‌ഷന് വരുമ്പോൾ നൽകാതെ കനാലിൽ തള്ളുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കനാലിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ രാത്രി നിരീക്ഷണം നടത്താൻ താലൂക്ക് സഭ ആവശ്യപ്പെട്ടിരുന്നു. കക്കൂസ് മാലിന്യം ഉൾപ്പെടെ രാത്രിയിലാണ് കനാലിൽ തള്ളുന്നത്. ഓരോ പഞ്ചായത്തിലും രാത്രികളിൽ നിരീക്ഷണം ഏർപ്പെടുത്തണമെന്നും സമീപപ്രദേശങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സാമൂഹ്യവിരുദ്ധരെ കണ്ടെത്തണമെന്നുമാണ് ആവശ്യം.










0 comments