ad
Deshabhimani

റോഡ്‌ നന്നാക്കാനെന്ന പേരിൽ 3 ലക്ഷം തട്ടി

 കൊച്ചി മേയർക്കെതിരെ 
അന്വേഷണം വേണമെന്ന്‌ കോടതി

vigilence

വി കെ മിനിമോൾ

വെബ് ഡെസ്ക്

Published on Mar 17, 2026, 01:50 AM | 2 min read

കൊച്ചി


റോഡ്‌ നന്നാക്കാമെന്ന്‌ വാഗ്‌ദാനം നൽകി മൂന്നുലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ കൊച്ചി മേയർ വി കെ മിനിമോൾക്കെതിരെ അന്വേഷണം വേണമെന്ന്‌ വിജിലൻസ്‌ കോടതി. അഴിമതി നിരോധന നിയമം വകുപ്പ്‌ 19 പ്രകാരം അന്വേഷണത്തിന്‌ സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി തേടാനാണ്‌ മൂവാറ്റുപുഴ വിജിലൻസ്‌ കോടതി സ്‌പെഷ്യൽ ജഡ്‌ജി ജി രാജേഷിന്റെ ഉത്തരവ്‌. പാലാരിവട്ടം ഡിവിഷൻ ക‍ൗൺസിലറായിരിക്കെ 2018ൽ റസിഡന്റ്‌സ്‌ അസോസിയേഷനിൽനിന്ന്‌ പണം വാങ്ങിയെന്നാണ്‌ കേസ്‌.


മിനിമോൾ പണം വാങ്ങിയതിന്‌ തെളിവുകളുണ്ടെന്നും ഒ‍ൗദ്യോഗികപദവി ദുരുപയോഗം ചെയ്‌തെന്നും ഉത്തരവിൽ പറഞ്ഞു. പൊതുറോഡിന്റെ അറ്റകുറ്റപ്പണിക്ക്‌ പണം പിരിക്കാൻ ക‍ൗൺസിലർക്ക്‌ അധികാരമില്ല. പിരിച്ചെടുത്ത പണം നിർമാണത്തിന്‌ ചെലവഴിച്ചിട്ടുമില്ല. പരാതി ഉയർന്നപ്പോൾ തുക തിരികെനൽകിയെന്ന വാദം നിലനിൽക്കില്ല. പൊതുപ്രവർത്തകർ പണം വാങ്ങുന്നത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരും. അതിനാൽ അന്വേഷണം വേണം– കോടതി പറഞ്ഞു


ക്രിമിനൽ നടപടികളിൽനിന്ന്‌ ഒഴിവാകാനാകില്ലെന്നും വസ്‌തുതകളും തെളിവുകളും കണക്കിലെടുക്കുന്പോൾ അന്വേഷണം അത്യാവശ്യമാണെന്നും നിരീക്ഷിച്ചാണ്‌ പ്രോസിക്യൂഷൻ അനുമതി തേടാൻ കോടതി ഉത്തരവിട്ടത്‌.


പാലാരിവട്ടം പെരിങ്ങാട്ട് റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറിയായിരുന്ന ബി ബി അജയനാണ്‌ ഹർജിക്കാരൻ. പ്രദേശത്ത്‌ ഫ്ലാറ്റ്‌ നിർമാണത്തിന്‌ കളവത്ത്‌ ക്രോസ്‌ റോഡിലൂടെ നിർമാണസാമഗ്രികൾ കൊണ്ടുപോകുന്പോൾ റോഡ്‌ നശിക്കുമെന്ന്‌ ആശങ്ക ഉയർന്നിരുന്നു. ഭാരവാഹനങ്ങൾ സഞ്ചരിച്ച്‌ റോഡ്‌ തകർന്നാൽ നന്നാക്കാൻ അഞ്ചുലക്ഷം രൂപ- സെക്യൂരിറ്റി ഡെപ്പോസിറ്റായി നിർമാണക്കന്പനി നൽകിയിരുന്നു. റോഡിന്‌ കേടുപാടുണ്ടായപ്പോൾ മിനിമോളുടെ നിർദേശപ്രകാരം റസിഡന്റ്‌സ്‌ അസോസിയേഷൻ യോഗം ചേർന്നു. കോൺക്രീറ്റ് കട്ട പാകി റോഡ് പുനർനിർമിക്കാമെന്നും ജോലികൾ കോർപറേഷൻ കരാറുകാർവഴി നടത്താമെന്നും മിനിമോൾ ഉറപ്പുനൽകി.


നിർമാണക്കമ്പനി നൽകിയ തുക കൈമാറാനും ആവശ്യപ്പെട്ടു. തുടർന്ന്‌ മൂന്നുലക്ഷം രൂപ അസോസിയേഷൻ മിനിമോൾക്ക്‌ കൈമാറി. കരാറുകാരൻ അറ്റകുറ്റപ്പണി നടത്തി. എന്നാൽ, മുഴുവൻ ചെലവും കോർപറേഷനാണ് വഹിച്ചതെന്നും മിനിമോൾ പണം വിനിയോഗിച്ചിട്ടില്ലെന്നും അറിഞ്ഞതോടെ ഹർജിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു.


ഉത്തരവ്‌ ലഭിച്ചിട്ടില്ലെന്ന്‌ മേയർ


കൊച്ചി


കളവത്ത് റോഡ് നവീകരണവുമായി ബന്ധപ്പെട്ട്‌ കോടതി ഉത്തരവ്‌ ലഭിച്ചിട്ടില്ലെന്ന്‌ മേയർ വി കെ മിനിമോൾ പറഞ്ഞു. ഉത്തരവ് ലഭിക്കുന്നമുറയ്ക്ക് നടപടി സ്വീകരിക്കുമെന്നും മേയർ അറിയിച്ചു.


വിജിലൻസ്‌ അന്വേഷണം: മേയർ 
രാജിവയ്‌ക്കണം‐ 
സിപിഐ എം


കൊച്ചി


വി കെ മിനിമോൾ മേയർസ്ഥാനം രാജിവയ്‌ക്കണമെന്ന്‌ സിപിഐ എം ജില്ലാസെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു. മിനിമോൾക്കെതിരെ മൂവാറ്റുപുഴ വിജിലൻസ് കോടതി അന്വേഷണം ആവശ്യപ്പെട്ടത്‌ അതീവ ഗൗരവതരമാണ്. ജനപ്രതിനിധിയെന്നനിലയിൽ മേയർ ക്രിമിനൽ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നത്.

കൗൺസിലറായിരിക്കെ റോഡ് നവീകരണത്തിനായി മിനിമോൾ മൂന്നുലക്ഷം രൂപയാണ് വാങ്ങിയത്. അസോസിയേഷന്റെ കൈയിൽനിന്ന് മൂന്നുലക്ഷം രൂപ വാങ്ങിയെങ്കിലും കോർപറേഷന്റെ ചെലവിലാണ്‌ റോഡിൽ ടൈൽ പാകിയതുൾപ്പെടെ നവീകരണം നടത്തിയത്. അസോസിയേഷൻ നൽകിയ ഫണ്ടിൽനിന്ന് ഒരുരൂപപോലും ഉപയോഗിച്ചിട്ടില്ല.

പൊതുറോഡ് നവീകരണത്തിന്റെ പേരിൽ ജനപ്രതിനിധിയെന്ന നിലയിൽ പണം കൈപ്പറ്റിയത് നിയമവിരുദ്ധമാണ്. ജനപ്രതിനിധിയുടെ മേലുള്ള വിശ്വാസ്യതയാണ് മിനിമോൾ ദുരുപയോഗം ചെയ്തത്. കൗൺസിലർ ആയിരിക്കുമ്പോൾ ക്രിമിനൽ കുറ്റകൃത്യം നടത്തിയ ഇവർക്ക്‌ മേയറായിരിക്കാൻ യോഗ്യതയില്ലെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌ വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home