ad
Deshabhimani

ഫോൺ സംഭാഷണം പുറത്ത്‌

വിവാദപരാമർശങ്ങളുമായി ഡിസിസി
പ്രസിഡന്റ്‌; എൽഡിഎഫ്‌ പ്രതിഷേധിച്ചു

UDF Candidate
വെബ് ഡെസ്ക്

Published on Apr 15, 2026, 12:36 AM | 1 min read

മട്ടാഞ്ചേരി

എല്‍ഡിഎഫ് കൊച്ചി മണ്ഡലം സ്ഥാനാര്‍ഥി കെ ജെ മാക്സിയെക്കുറിച്ച്‌ യുഡിഎഫ് സ്ഥാനാര്‍ഥിയും ഡിസിസി പ്രസിഡന്റുമായ മുഹമ്മദ് ഷിയാസിന്റെ വിവാദ പരാമർശങ്ങളടങ്ങിയ ഫോൺ സംഭാഷണം. യുട്യൂബ്‌ ചാനലിനോട്‌ സംസാരിക്കുന്നതാണ് പുറത്തുവന്നത്. മാക്സിയെ പപ്പടം പൊടിക്കുന്നതുപോലെ പൊടിക്കുമെന്നും അവനൊന്നും ഒരു കാന്‍ഡിഡേറ്റല്ലെന്നും അവന്‍ ആണുങ്ങളോട് ഏറ്റുമുട്ടിയിട്ടില്ലെന്നുമൊക്കെ ഷിയാസ്‌ പറയുന്നുണ്ട്‌.


സംഭവം വിവാദമായതോടെ വിവാദ പരമാര്‍ശങ്ങള്‍ യുട്യൂബ് ചാനലില്‍നിന്ന് എഡിറ്റ് ചെയ്ത് നീക്കിയെങ്കിലും ഡൗണ്‍ലോഡ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പരാജയഭീതിയിൽ നിലവിട്ട പ്രതികരണമാണ് മുഹമ്മദ് ഷിയാസ് നടത്തിയതെന്ന് എൽഡിഎഫ്‌ കൊച്ചി മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. 10 വർഷമായി കൊച്ചി എംഎൽഎയായി തുടരുന്ന കെ ജെ മാക്സിക്കെതിരെ മ്ലേഛമായ രീതിയിലുള്ള ഷിയാസിന്റെ പ്രസ്താവനയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായും മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.


ലത്തീൻ സഭയെയും പുരോഹിതരെയും ആക്ഷേപിക്കുന്ന ഇയാൾ തന്റെ പാർടി നേതാക്കളായ ഡൊമിനിക്‌ പ്രസന്റേഷനും ടോണി ചമ്മണിയും ആണുങ്ങളല്ലെന്ന്‌ സ്ഥാപിക്കുകയാണ്‌. ഷിയാസ്‌ ഡിസിസി പ്രസിഡന്റുസ്ഥാനത്ത് ഇരിക്കാൻ യോഗ്യനാണോയെന്ന് കോൺഗ്രസ്‌ തീരുമാനിക്കുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. കോണ്‍ഗ്രസ് സംസ്‌കാരത്തിന്റെ ഉല്‍പ്പന്നമാണ്‌ ഷിയാസെന്നും മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.


കൊച്ചിയുടെ രാഷ്‌ട്രീയ പ്രതിബദ്ധതയും മതനിരപേക്ഷ പാരമ്പര്യവും മാന്യതയും തകർക്കാനുള്ള കോൺഗ്രസിന്റെ ചതിക്കുഴിയിൽ ആരും പെടരുത്. മെയ് നാലിന് ഫലം വരുമ്പോൾ കൊച്ചി കെ ജെ മാക്സിക്ക് ഉജ്വല വിജയം നൽകിയായിരിക്കും ഷിയാസിന് മറുപടി നൽകുന്നതെന്നും എല്‍ഡിഎഫ് ഭാരവാഹികളായ എം കെ അബ്ദുൾ ജലീൽ, പി എ പീറ്റർ, കെ എം റിയാദ് എന്നിവർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home