യുഡിഎഫ് കെടുകാര്യസ്ഥത ; പിറവം കണ്ണീറ്റുമല പാർക്ക് നാശത്തിലേക്ക്

ഇപ്പോഴത്തെ ഭരണസമിതി കണ്ണീറ്റുമല സന്ദർശിച്ചപ്പോൾ
പിറവം
കണ്ണീറ്റുമലയിൽ ലക്ഷങ്ങൾ ചെലവാക്കി നിർമിച്ച പാർക്ക് നാശത്തിലേക്ക്. യുഡിഎഫ് ഭരണസമിതിയുടെ അനാസ്ഥയ്ക്കെതിരെ കണ്ണീറ്റുമലയിലെ നാട്ടുകാർ പ്രതിഷേധത്തിലേക്ക്. മുൻ എൽഡിഎഫ് ഭരണസമിതി നിർമിച്ച പാർക്ക്, കൃത്യമായ പരിചരണവും നനയും നൽകി അതീവസുന്ദരമായാണ് ഒരുമാസംമുമ്പുവരെ പരിപാലിച്ചിരുന്നത്.
നഗരസഭ മാലിന്യസംസ്കരണകേന്ദ്രവും പൊതുശ്മശാനവും ഇവിടെയാണ്. എൽഡിഎഫ് ഭരണസമിതി മാലിന്യം നീക്കി ശുചീകരിച്ചാണ് പ്രദേശവാസികളുടെ പിന്തുണയോടെ 8.5 ലക്ഷം മുടക്കി ഇവിടം പൂന്തോട്ടമാക്കിയത്.

പിറവം കണ്ണീറ്റുമല പാർക്കിൽ മുൻ ഭരണസമിതി
രണ്ട് മാസംമുമ്പ് സന്ദർശിച്ചപ്പോൾ
പൊതുശ്മശാനം പ്രവർത്തിക്കാൻ വെള്ളം ആവശ്യമാണ്. ഇവിടേക്ക് വെള്ളം എത്തിക്കുമ്പോഴാണ് മുമ്പ് പൂന്തോട്ടവും നനച്ചിരുന്നത്. നിലവിലെ ഭരണസമിതിയുടെ കെടുകാര്യസ്ഥതയിൽ പാർക്ക് പൂർണമായും ഉണങ്ങിനശിച്ചനിലയിലാണ്. മാലിന്യം നീക്കി പൂന്തോട്ടം നിർമിച്ചത് ബാധ്യതയെന്നാണ് നഗരസഭാ അധികൃതരുടെ പ്രതികരണം.
കണ്ണീറ്റുമലയിൽ കുഴൽക്കിണർ നിർമാണത്തിനായി ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്‌മെന്റിൽ കഴിഞ്ഞ ഭരണസമിതിയുടെ അവസാന കാലയളവിൽത്തന്നെ തുക അടച്ചതാണ്. എന്നാൽ, പുതിയ ഭരണസമിതി അധികാരത്തിൽ വന്നിട്ടും ഈ ഫയൽ നീക്കാനോ പദ്ധതി നടപ്പാക്കാനോ തയ്യാറായില്ല. വാട്ടർ കണക്‌ഷനായുള്ള അപേക്ഷകളും നഗരസഭാ കിണറിൽനിന്നും കുഴൽക്കിണറിൽനിന്നും പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളമെത്തിക്കാനുള്ള ഫയലുകളും ഉറക്കത്തിലാണ്. വാർഷികബജറ്റിൽ ഏകദേശം 3.50 ലക്ഷം രൂപ ഈ പദ്ധതികൾക്കായി വകയിരുത്തിയിട്ടുണ്ട്. ഇതും വിനിയോഗിക്കുന്നില്ല.
വർഷങ്ങളായി ടാങ്കർ ലോറികളിൽ വരുന്ന വെള്ളത്തെ ആശ്രയിച്ച് കഴിയുന്ന കണ്ണീറ്റുമലയിലെ സാധാരണക്കാരുടെ ദുരിതം യുഡിഎഫ് ഭരണസമിതി കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നഗരസഭ മുൻ വൈസ് ചെയർമാൻ കെ പി സലിം, മുൻ കൗൺസിലർ ഡോ. അജേഷ് മനോഹർ എന്നിവർ പറഞ്ഞു.









0 comments