ക്ണാച്ചേരിയുടെ കാടകം നിറഞ്ഞു ; ഉത്സവമായി പായസപൂജ

കുട്ടമ്പുഴ പഞ്ചായത്തിലെ ക്ണാച്ചേരി വനത്തിൽ ആദിവാസിസമൂഹത്തിന്റെ പായസപൂജ
ജോഷി അറയ്ക്കൽ
Published on Feb 16, 2026, 02:45 AM | 1 min read
കോതമംഗലം
കൊട്ടിയും ഉറുമിശിയും കുഴൽവിളിയുമായി താളമേളങ്ങൾ. കാടിന്റെ നടുവിലെ പാറപ്പുറത്ത് ഒരുക്കിയ അടുപ്പിൽ അരിപ്പായസവും ഒപ്പം തിണ്ണിക്കിഴങ്ങും ചുട്ടെടുത്തതും. കുട്ടമ്പുഴ പഞ്ചായത്തിലെ ക്ണാച്ചേരി വനത്തിലെ പായസപ്പാറയിലായിരുന്നു ഞായറാഴ്‌ച ആദിവാസിസമൂഹത്തിന്റെ വേറിട്ട ആചാരമായ പായസപൂജ നടന്നത്. ക്ടാത്താട്ടമ്മയുടെ പ്രീതിക്കായി ആദിവാസിസമൂഹം തലമുറകളായി തുടരുന്ന ഈ ആചാരത്തിൽ, വിവിധ ആദിവാസി പ്രകൃതികളിൽനിന്നെത്തിയ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി ഈ പാറയിലേക്കാണ് ആദിവാസികൾ ആദ്യമെത്തുന്നത്. പാറയ്ക്കുമുകളിലുള്ള രണ്ട് ദ്വാരങ്ങളിൽനിറയെ വെള്ളമുണ്ട്. ഇവിടെ പൂജാരി തെളിവിളക്ക് വയ്ക്കുന്നതോടെ ചടങ്ങ് ആരംഭിക്കും. പാറപ്പുറത്ത് ഒരുക്കിയ അടുപ്പിൽ അരിപ്പായസമാണ് നിവേദ്യമായി തയ്യാറാക്കുന്നത്. ഒപ്പം തിണ്ണിക്കിഴങ്ങും ചുട്ടെടുക്കും. വിവിധ പ്രകൃതികളിൽനിന്നുള്ള കുടുംബങ്ങൾ ചടങ്ങിൽ ഒന്നിക്കുന്നതും പ്രത്യേകതയാണ്.
ക്ടാത്താട്ടമ്മയ്‌ക്ക് പായസവും തിണ്ണിക്കിഴങ്ങ് ചുട്ട് നിവേദിക്കുന്നതുമാണ് പ്രധാന ചടങ്ങ്. സമീപത്തെ ശ്രീ ദുർഗ ഭഗവതി ക്ഷേത്രത്തിൽ നാളികേരം ഉടയ്‌ക്കുന്ന ചടങ്ങുമുണ്ട്. പായസം ഉണ്ടാക്കുന്നതിനുമുമ്പ് നേരത്തേ തയ്യാറാക്കിയ കപ്പപുഴുങ്ങിയതും അച്ചാറും എല്ലാവരും ചേർന്ന് കഴിക്കും. ഒരു സംഘം പായസമുണ്ടാക്കാനുള്ള തിരക്കിലാകും. മറ്റൊരു സംഘത്തിന്റെ നേതൃത്വത്തിൽ കൊട്ടി, ഉറുമിശി, കുഴൽ തുടങ്ങിയ പരമ്പരാഗത വാദ്യ ഉപകരണങ്ങൾ ഉപയോഗിച്ച് താളമേളങ്ങൾ ഒരുക്കും. നൃത്തവും പാട്ടും മേളവും എല്ലാംകൂടി കാടകം ഉത്സവപ്രതീതിയിലമരും. വൈകിട്ടോടെ ചടങ്ങ് തീർത്ത് എല്ലാവരും കാടിറങ്ങും.










0 comments