മരോട്ടിച്ചുവട് കലുങ്ക് നിർമാണം ഇഴയുന്നു
പറവൂർ–ആലുവ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം

കരുമാല്ലൂർ മരോട്ടിച്ചുവടിൽ കലുങ്ക് നിർമാണം നടക്കുന്ന ഭാഗത്തുള്ള ഗതാഗതക്കുരുക്ക്
കരുമാല്ലൂർ
ആലുവ–പറവൂർ റോഡിൽ കരുമാല്ലൂർ മരോട്ടിച്ചുവട്ടിലെ കലുങ്ക് നിർമാണം ഇഴയുന്നതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷം. നിർമാണം ആരംഭിച്ചിട്ട് രണ്ടുമാസത്തോളമായെങ്കിലും പണി പൂർത്തിയായിട്ടില്ല. നിർമാണം മന്ദഗതിയിലായതിനാൽ പ്രവൃത്തി പൂർത്തിയാകാൻ ഇനിയും ആഴ്ചകൾ വേണ്ടിവരും.
നിലവിൽ ഈ ഭാഗത്ത് ഒറ്റവരി ഗതാഗതം മാത്രമാണുളളത്. ട്രാഫിക് പൊലീസില്ലാത്തതിനാൽ അതിഥിത്തൊഴിലാളികളാണ് വാഹനങ്ങൾ നിയന്ത്രിക്കുന്നത്. എന്നാൽ തിരക്കേറിയ സമയങ്ങളിൽ തൊഴിലാളികളുടെ നിർദേശങ്ങൾ പാലിക്കാതെ ഇരുവശത്തുനിന്നും വാഹനങ്ങൾ ഒരേസമയം പ്രവേശിക്കുന്നത് മണിക്കൂറുകളോളം ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ബസുകളിലും സ്വകാര്യ വാഹനങ്ങളിലുമായി വിദ്യാർഥികളും ജോലിക്കാരും ഉൾപ്പെടെ മണിക്കൂറുകളോളം റോഡിൽ കുടുങ്ങിക്കിടക്കേണ്ട അവസ്ഥയാണ്. കുരുക്ക് ഒഴിവാക്കാൻ രാവിലെ 8.30 മുതൽ 10.30വരെയും വൈകീട്ട് 3.30 മുതൽ ആറുവരേയും ട്രാഫിക് പൊലീസിനെ നിയോഗിക്കണമെന്നാണ് ആവശ്യം. കലുങ്കിന്റെ നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.







0 comments