Deshabhimani

 ആലുവയിൽ എൻജിൻ ഘടിപ്പിച്ച 4 വള്ളങ്ങളും ടിപ്പറും പിടിച്ചു

പെരിയാറിൽ അനധികൃത മണൽവാരൽ ശക്തം

അനധികൃത മണൽവാരൽ
വെബ് ഡെസ്ക്

Published on Nov 12, 2026, 03:26 AM | 1 min read

ആലുവ


പെരിയാറിൽ അനധികൃതമായി മണൽ കടത്താൻ ഉപയോഗിച്ച എൻജിൻ ഘടിപ്പിച്ച നാല് വള്ളങ്ങളും ടിപ്പറും പൊലീസ് പിടിച്ചു. ആലുവ സിഐ പി എം ഷെമീറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മണൽക്കടത്ത് സംഘത്തിലെ കണ്ടാലറിയുന്ന 18 പേർക്കെതിരെ കേസെടുത്തു. ഉളിയന്നൂർ കുഞ്ഞുണ്ണിക്കര ഭാഗത്തുനിന്നുള്ള കടവുകളിൽനിന്നാണ് മണൽവഞ്ചികൾ പിടിച്ചെടുത്തത്.


ഇവ മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് നശിപ്പിച്ചു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വൻ തുക ഈടാക്കി കൊല്ലം, ആലപ്പുഴ ജില്ലകളിലേക്കാണ് മണൽ കൊണ്ടുപോകുന്നത്. ആലുവ ഗോൾഡ് എന്നറിയപ്പെടുന്ന പെരിയാറിലെ മണലിന് ആവശ്യക്കാർ ഏറെയാണ്.


പ്രളയത്തിനുശേഷം പെരിയാറിൽ ധാരാളമായി മണൽ അടിഞ്ഞിരുന്നു. ആലുവ മണപ്പുറം ക്ഷേത്രത്തിനുസമീപത്തുനിന്നുപോലും മണൽവാരൽ പതിവാകുകയാണ്. ഭരണകക്ഷിയിലെ പ്രാദേശിക നേതാക്കളുടെയും പൊലീസിലെ ചിലരുടെ ഒത്താശയോടെയുമാണ് മണൽക്കടത്ത് സംഘങ്ങളുടെ നീക്കങ്ങളെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വരുംദിവസങ്ങളിൽ കർശനമായ പരിശോധന തുടരുമെന്ന് ആലുവ സിഐ പി എം ഷെമീർ പറഞ്ഞു.


പുത്തൻവേലിക്കരയിൽ ആറുപേർ പിടിയിൽ


പറവൂർ


പുത്തൻവേലിക്കര പഞ്ചായത്തിൽ പെരിയാറിൽനിന്ന്‌ രണ്ട് വഞ്ചികളിലായി അനധികൃത മണലൂറ്റ് നടത്തിയ ആറുപേരെ പുത്തൻവേലിക്കര പൊലീസ് പിടികൂടി. ചെട്ടിക്കാട് സ്വദേശികളായ സന്തോഷ്‌, ജിമിൽ, ലാലു, കൊടുങ്ങല്ലൂർ മേത്തല സ്വദേശികളായ റഷീദ്, സജീവൻ, അഴീക്കോട് സ്വദേശി അജേഷ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കൊടുങ്ങല്ലൂർ, വടക്കേക്കര സ്റ്റേഷനുകളിൽ രജിസ്റ്റർചെയ്ത സമാന കേസുകളിലും ഇവർ പ്രതികളാണ്. പുത്തൻവേലിക്കര, കരുമാല്ലൂർ, ആലങ്ങാട്, കടുങ്ങല്ലൂർ, ചേന്ദമംഗലം പഞ്ചായത്തുകളുടെ പരിധിയിൽ പുഴയിൽനിന്നുള്ള അനധികൃത മണലെടുപ്പ് സജീവമാണ്. സമീപകാലത്ത് ഏഴ് വള്ളങ്ങൾ പുത്തൻവേലിക്കര പൊലീസ് പിടികൂടിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home