Deshabhimani

അരങ്ങിൽ ‘പുതുമകളുടെ’ പൂർണത്രയീശ ചരിതം

The Story of Purnatrayisha

പൂർണത്രയീശ ചരിതം കഥകളി അരങ്ങിലെത്തിയപ്പോൾ

വെബ് ഡെസ്ക്

Published on Nov 12, 2026, 03:31 AM | 1 min read

തൃപ്പൂണിത്തുറ


കഥകളി അരങ്ങിൽ പുതുമയും പുതുചരിത്രവുമായി ‘പൂർണത്രയീശ ചരിതം’ കഥകളി അരങ്ങേറി. തൃപ്പൂണിത്തുറ സ്വാത്വികം കഥകളി ആസ്വാദക സംഘമാണ് പൂർണത്രയീശ ക്ഷേത്ര ഐതിഹ്യങ്ങളിലെ കഥാഭാഗങ്ങളടക്കം ചേർത്ത് ആറുമണിക്കൂർ കഥകളിവിരുന്ന് ഒരുക്കിയത്.


കഥകളിയിൽ ചുവന്ന താടി, വെള്ളത്താടി വേഷങ്ങളാണ് പതിവെങ്കിലും പൂർണ്ണത്രയീശ ചരിതത്തിലെ വിശ്വകർമാവിന് സ്വർണത്താടിയും മൂശാരിക്ക് വെള്ളിക്കിരീടവും ആഭരണങ്ങളുമായിരുന്നു എന്നതും പുതുമയായി. പൂർണത്രയീശക്ഷേത്ര ഐതിഹ്യം, ചരിത്രം, ഭാവന എന്നിവ കൂടിക്കലർന്നതായിരുന്നു കഥകളി.


പൂർണ്ണത്രയീശ വിഗ്രഹം പുനർനിർമിക്കുന്ന ഘട്ടത്തിൽ വിഗ്രഹനിർമാണം പൂർണമാകാതെ വരുമ്പോൾ മൂശാരി വിഗ്രഹത്തിൽ ലയിക്കുന്ന ഐതിഹ്യം പ്രമേയമാക്കിയായിരുന്നു അവതരണം. തിരക്കഥ തയ്യാറാക്കിയത് പി നാരായണനാണ്. രമേശൻ തമ്പുരാൻ ആട്ടകഥയാക്കി. പ്രധാന വേഷം മൂശാരിയായി വേഷമിട്ട ആചാര്യൻ ഫാക്ട് പത്മനാഭനാണ് കഥകളി ചിട്ടപ്പെടുത്തിയത്. പീശപ്പിള്ളി രാജീവ്, കലാമണ്ഡലം മനോജ്, കോട്ടക്കൽ ദേവദാസ്, മയ്യനാട് രാജീവ്, കലാമണ്ഡലം രാധാകൃഷ്ണൻ, ജയശങ്കർ, അരുൺ രമേഷ്, സദനം വിജയൻ എന്നിവരും അരങ്ങിലെത്തി.


കോട്ടയ്ക്കൽ മധു, കലാനിലയം രാജീവൻ, തൃപ്പൂണിത്തുറ അർജുൻരാജ്, സദനം പ്രേമൻ, ഹരിശങ്കർ കണ്ണമംഗലം (സംഗീതം), കലാമണ്ഡലം കൃഷ്ണദാസ്, സദനം രജീഷ് (ചെണ്ട), കലാമണ്ഡലം ശങ്കര വാരിയർ, കലാനിലയം മനോജ്, ആർഎൽവി ജിതിൻ, ആർഎൽവി സുദേവ് വർമ (മദ്ദളം) എന്നിവർ അകമ്പടിയായി. കലാനിലയം സജി, എരൂർ മനോജ് എന്നിവരാണ് കോപ്പുകൾ ഒരുക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home