വിസ്‌മയമായി പണിക്കരമ്പലം ട്രാക്ക്

കൊച്ചി
സ്‌കേറ്റിങ് ദേശീയ ചാമ്പ്യൻഷിപ്പിന് കേരളത്തിലെ ഗ്രാമീണമേഖലയിലെ ഒരു ട്രാക്ക് വേദിയാകുന്നത് 33 വർഷത്തിനുശേഷം. സംസ്ഥാനത്ത് രാജ്യാന്തരനിലവാരമുള്ള ആദ്യ സ്‌കേറ്റിങ് റോഡ് സർക്യൂട്ടും സിന്തറ്റിക് ബാങ്ക്‌ഡ് ട്രാക്കുമാണ് പെരുമ്പാവൂർ നെല്ലിമോളം പണിക്കരമ്പലത്തേത്. റോൾ ഫോഴ്‌സ് വൺ റോളർ സ്‌പോർട്‌സ് ക്ലബ്ബാണ് ഒന്നരയേക്കർ സ്ഥലത്ത് ട്രാക്ക് നിർമിച്ചത്.
രാജ്യാന്തര നിലവാരത്തിലുള്ള 200 മീറ്റർ ബാങ്ക്‌ഡ് ട്രാക്കും (വളവിൽ ചരിഞ്ഞ ട്രാക്ക്) 280 മീറ്റർ റോഡ് സർക്യൂട്ടും ഇവിടെയുണ്ട്. 39 മീറ്റർ വീതിയും 97 മീറ്റർ നീളവുമുള്ള ട്രാക്കിന് 6.5 മീറ്റർ വീതിയുള്ള ബാങ്ക്‌ഡ് ട്രാക്ക്, 280 മീറ്റർ നീളവും ആറു മീറ്റർ വീതിയുമുള്ള റോഡ് സർക്യൂട്ട്, 100 മീറ്റർ സ്‌പ്രിന്റ് ട്രാക്ക് എന്നീ സൗകര്യങ്ങളുമുണ്ട്. പോളിയുറിത്തിൻ സിന്തറ്റിക് ലെയർ ഉപയോഗിച്ചാണ് ട്രാക്കിന്റെ നിർമാണം.
നാഷണൽ ഓപ്പൺ റാങ്കിങ് സ്‌പീഡ് സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിനെത്തിയ മത്സരാർഥികൾക്കും രക്ഷിതാക്കൾക്കും പരിശീലകർക്കും താമസസൗകര്യവുംമറ്റും സജ്ജമാക്കിയിട്ടുള്ളത് അക്കാദമിയും അസോസിയേഷനും ചേർന്നാണ്. വിവിധ സംസ്ഥാനങ്ങളിൽനിന്ന് നൂറുകണക്കിനുപേരാണ് മത്സരത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുള്ളത്.









0 comments