ആലങ്ങാടും ആലുവയും തിളങ്ങും

ആലുവ മണപ്പുറം പാലം
കൊച്ചി
ജില്ലയിലെ ടൂറിസം മേഖലയ്ക്ക് ഉണര്‍വേകി ആലങ്ങാട് തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ടിനും ആലുവ മണപ്പുറം മേൽപാലം സൗന്ദര്യവല്‍ക്കരണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ 3,49,42,033 രൂപ അനുവദിച്ചു. കളമശേരി നിയോജകമണ്ഡലത്തിലെ ആലങ്ങാട് തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ടിന് 2,01,67,623 രൂപയുടെ ഭരണാനുമതി നല്‍കി ഉത്തരവായി. ആലുവ മണ്ഡലത്തിലെ ആലുവ മണപ്പുറം പാലത്തിന്റെ സൗന്ദര്യവല്‍ക്കരണത്തിനും പെയിന്റിങ്ങിനുമായി 1,47,74,410 രൂപയും അനുവദിച്ചു.
തീര്‍ഥാടന ടൂറിസം പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആലങ്ങാട് തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ടിന് അനുമതി നല്‍കിയത്. "പില്‍ഗ്രിം ടൂറിസം സര്‍ക്യൂട്ട് അറ്റ് ആലങ്ങാട്' പദ്ധതി വഴി പ്രദേശത്തെ വിവിധ തീര്‍ഥാടനകേന്ദ്രങ്ങളെ ബന്ധിപ്പിക്കും. ദേവാലയങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. മന്ത്രിമാരായ പി രാജീവിന്റെയും പി എ മുഹമ്മദ് റിയാസിന്റെയും പ്രത്യേക താൽപര്യ പ്രകാരം തീർത്ഥാടക ടൂറിസത്തിൽ ഉൾപ്പെടുത്തിയാണ് ഇരു പദ്ധതികളും നടപ്പാക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഡിസൈന്‍ നയത്തില്‍ ഉള്‍പ്പെടുത്തി പാലങ്ങള്‍ ദീപാലങ്കൃതമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് "ആലുവ പാലം ലൈറ്റിങ്' പദ്ധതിക്ക് അനുമതി നല്‍കിയത്. മണപ്പുറം മേഖലയിലെ ദീപാലങ്കൃത പദ്ധതി ആലുവയുടെ വിനോദസഞ്ചാരസാധ്യതകളെ വര്‍ധിപ്പിക്കും. ആലങ്ങാട് മേഖലയിലെ തീര്‍ഥാടന ടൂറിസത്തെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതിയിലൂടെ സാധിക്കും. ആലങ്ങാടിനെ സാംസ്കാരിക- പൈതൃക ടൂറിസം ലക്ഷ്യസ്ഥാനമായി ഉയര്‍ത്താനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.










0 comments