ad
Deshabhimani

പെരുമയും പ്രതാപവും വീണ്ടെടുക്കാൻ തൃപ്പൂണിത്തുറ

thripunithura
avatar
എം എസ്‌ അശോകൻ

Published on Mar 06, 2026, 02:15 AM | 2 min read


കൊച്ചി

തൃപ്പൂണിത്തുറ മണ്ഡലം രൂപീകരണത്തിന്റെ അറുപതാംവർഷമാണ്‌ 2027. 1967ൽ രൂപീകൃതമായശേഷം മുൻമന്ത്രിയുമായിരുന്ന ടി കെ രാമകൃഷ്‌ണന്റെ മണ്ഡലമെന്ന നിലയിലാണ്‌ ശ്രദ്ധ നേടിയത്‌. ഇതുവരെ ടി കെ ഉൾപ്പെടെ അഞ്ചുമന്ത്രിമാരെ സംഭാവനചെയ്‌ത മണ്ഡലം കൊച്ചി മഹാനഗരവുമായും ഐടി വ്യവസായ കേന്ദ്രമായ തൃക്കാക്കരയുമായും അതിരു പങ്കിടുന്നതിനാൽ അവയുടെ ഉപഗ്രഹ നഗരമെന്നും ഖ്യാതി. ​


അത്താഘോഷത്തിന്റെയും ഉദയംപേരൂർ സുന്നഹദോസിന്റെയുമൊക്കെ പെരുമ, നൂറുവയസ്സിലേക്ക്‌ അടുക്കുന്ന ഗവ. ആയുർവേദ കോളേജ്‌, ദക്ഷിണേന്ത്യയിലെ ശാന്തിനികേതൻ ആർഎൽവി കോളേജ്‌ എന്നിവയുടെ തലയെടുപ്പ്‌. പേട്ടയിൽനിന്ന്‌ തൃപ്പൂണിത്തുറ റെയിൽവേ സ്‌റ്റേഷൻവരെ ഓടിയെത്തിയ കൊച്ചി മെട്രോയാണ്‌ മണ്ഡലത്തിന്റെ ആധുനിക മുഖം. കിഫ്‌ബി ഫണ്ടിൽ ഗവ. സംസ്‌കൃത കോളേജും ഗവ. ഗേൾസും ബോയ്‌സും വിവിധ വിദ്യാലയ മന്ദിരങ്ങളും ആതുരാലയങ്ങളും പഞ്ചനക്ഷത്ര പകിട്ടിലായി. അന്ധകാരത്തോട്‌ പുനരുദ്ധാരണംമുതൽ പേട്ട, ചന്പക്കര പുതിയ പാലങ്ങളും റോഡുമൊക്കെ ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു യാഥാർഥ്യമായി. ആ നിലയിൽ തുടർവികസനം മുന്നോട്ടുകൊണ്ടുപോകാൻ, പിന്നിട്ട അഞ്ചുവർഷം മണ്ഡലത്തിലെ യുഡിഎഫ്‌ പ്രതിനിധിക്കായില്ല. മണ്ഡലത്തിന്റെ ആവശ്യങ്ങളായ എസ്‌എൻ ജങ്ഷൻ– പൂത്തോട്ട റോഡ്‌ വികസനം, പള്ളുരുത്തിയിലെ റോഡുകൾ, കുന്പളം പാലം എന്നിവയ്‌ക്കായി നിലവിലെ എംഎൽഎ ഇടപെട്ടില്ല. പള്ളുരുത്തി പ്രദേശത്തെ കുടിവെള്ളക്ഷാമത്തിനും ഓരുവെള്ളം കയറ്റത്തിനും പരിഹാരമുണ്ടാക്കിയില്ല.


തിരുവാങ്കുളം വില്ലേജിൽ ഉൾപ്പെടുന്ന 13 വാർഡുകൾ ഒഴിച്ചുള്ള തൃപ്പൂണിത്തുറ നഗരസഭയിലെ 40 വാർഡുകൾ, മരട് നഗരസഭ, കുമ്പളം, ഉദയംപേരൂർ പഞ്ചായത്തുകൾ, കൊച്ചി കോർപറേഷനിലെ 55 മുതൽ 64 വരെയുള്ള 10 ഡിവിഷനുകൾ എന്നിവ ചേർന്നതാണ്‌ മണ്ഡലം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‌ മണ്ഡലത്തിലുണ്ടായത്‌ വലിയ പിന്നോട്ടടി. 2024ൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ നേടിയ 31,965 വോട്ടിന്റെ ലീഡ്‌ മറികടന്ന്‌ എൽഡിഎഫ്‌ 1203 വോട്ട്‌ അധികംനേടി. 2021 ൽ കെ ബാബുവിന്‌ ലഭിച്ച ഭൂരിപക്ഷമാകട്ടെ 992 മാത്രവും. കോർപറേഷൻ ഡിവിഷനുകളിൽ ഒന്നൊഴികെ ഒന്പതിലും എൽഡിഎഫിനാണ്‌ ആധിപത്യം. തൃപ്പൂണിത്തുറ നഗരസഭയിൽ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ എൻഡിഎ വലിയ കക്ഷിയായെങ്കിലും കൂടുതൽ വോട്ടുള്ളത്‌ എൽഡിഎഫിന്‌. 21 സീറ്റുള്ള എൻഡിഎ നേടിയത്‌ 16844 വോട്ട്‌. 20 സീറ്റുള്ള എൽഡിഎഫിന്‌ ലഭിച്ചത്‌ 17915 വോട്ട്‌. ​


1980 വരെ നാലുവട്ടം ടി കെ രാമകൃഷ്‌ണൻ മണ്ഡലത്തിന്റെ പ്രതിനിധിയായി. വി വിശ്വനാഥമേനോനും പോൾ പി മാണിയും കെ ജി ആർ കർത്തായും കെ ബാബുവും വിജയിച്ച്‌ മന്ത്രിമാരായി. 1991 മുതൽ കെ ബാബു പ്രതിനിധാനംചെയ്‌ത മണ്ഡലം 2016 ൽ അഡ്വ. എം സ്വരാജിലൂടെ എൽഡിഎഫ്‌ വീണ്ടെടുത്തു. 2021 ൽ കെ ബാബു തിരിച്ചെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home