തൃക്കാക്കര നഗരസഭയിൽ മാലിന്യമല
എൽഡിഎഫ് പ്രതിഷേധം ഫലംകണ്ടു; മാലിന്യനീക്കം ആരംഭിച്ചു

തൃക്കാക്കരയിൽ കുന്നുകൂടിയ മാലിന്യം ഉടൻ നീക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിൽ യോഗത്തിൽ എൽഡിഎഫ് അംഗങ്ങൾ അധ്യക്ഷയെ വളഞ്ഞപ്പോൾ
കാക്കനാട്
തൃക്കാക്കരയിലെ മാലിന്യനീക്കം നിലച്ചതിനെതിരെ നഗരസഭയുടെ അവസാന കൗൺസിൽ യോഗത്തിൽ എൽഡിഎഫ് പ്രതിഷേധം. വിവിധയിടങ്ങളിലായി കെട്ടിക്കിടക്കുന്ന മാലിന്യം ഉടനെ നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സമരം ശക്തമായതോടെ ചൊവ്വ രാത്രി ഏഴോടെ മാലിന്യനീക്കം ആരംഭിച്ചു.
മൂന്ന് ടിപ്പർ ലോറികളും മണ്ണുമാന്തിയന്ത്രവും ഉപയോഗിച്ചായിരുന്നു മാലിന്യനീക്കം. മൂന്നുമാസമായി നഗരസഭയിലെ മാലിന്യനീക്കം കൃത്യമല്ല. ഇതേത്തുടർന്ന് ചൊവ്വാഴ്ച ഹരിതകർമസേന പണമുടക്കി. ഇവർക്കൊപ്പം എൽഡിഎഫ് അംഗങ്ങൾ മാലിന്യക്കൂമ്പാരം സന്ദർശിച്ചു. തുടർന്ന് ആരോഗ്യവിഭാഗം മേധാവിയുടെ ഓഫീസിലെത്തിയും പിന്നീട് കൗൺസിൽ യോഗത്തിലും പ്രതിഷേധിച്ചു. വീടുകളിൽനിന്ന് ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യം നഗരസഭയോടുചേർന്ന് യാർഡിൽ കുന്നുകൂട്ടിയിടുകയും പരാതി ഉയരുമ്പോൾ കുഴിച്ചിടുകയുമാണ് പതിവ്.
ജനവാസ മേഖലയോടുചേർന്ന് കിടക്കുന്ന യാർഡിൽ മാലിന്യം തള്ളരുതെന്ന ഹൈക്കോടതി നിർദേശം ലംഘിച്ചാണ് ഇവിടെ കുന്നുകൂട്ടുന്നത്. തൊഴിലാളികൾ വൃത്തിഹീനമായ സാഹചര്യത്തിലാണ് ജോലി ചെയ്യുന്നതെന്നും പകർച്ചവ്യാധികൾ പിടിക്കാനുള്ള സാഹചര്യമാണെന്നും എൽഡിഎഫ് അംഗങ്ങൾ ആരോപിച്ചു. അതേസമയം ഏജൻസിയുടെ വാഹനത്തിന്റെ തകരാർ കാരണമാണ് മാലിന്യനീക്കം മുടങ്ങിയതെന്ന് നഗരസഭാ അധ്യക്ഷ പറഞ്ഞു. എന്നാൽ, പ്രതിഷേധം ശക്തമായതോടെ അജൻഡകൾ മുഴുവൻ പാസാക്കി അധ്യക്ഷ കൗൺസിൽ യോഗം പിരിച്ചുവിട്ടു.








0 comments